എല്ലാ ജില്ലയിലും ടീം ഓഡിറ്റ്; ഓഡിറ്റ് ഡയറക്ടറുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു
സഹകരണ സംഘങ്ങളില്‍ ടീം ഓഡിറ്റ് നടത്താനുള്ള സഹകരണ ഓഡിറ്റ് ഡയറക്ടറുടെയും സഹകരണ സംഘം രജിസ്ട്രാറുടെയും ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ തുടങ്ങിയതാണ് ടീം ഓഡിറ്റ് രീതി. ഇത് തൃശൂര്‍ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചിരുന്നു. ഈ രണ്ട് ജില്ലകളിലെയും ഓഡിറ്റ് സംവിധാനം വിലയിരുത്തിയാണ് സംസ്ഥാനത്താകെ ടീം ഓഡിറ്റ് നടപ്പാക്കാന്‍ ഓഡിറ്റ് ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയത്. ഇക്കാര്യം സഹകരണ സംഘം രജിസ്ട്രാറും അംഗീകരിച്ച് സര്‍ക്കാരിന് അറിയിച്ചു. ഇത് രണ്ടും പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് ടീം ഓഡിറ്റ് സംവിധാനം സഹകരണ വകുപ്പ് കൊണ്ടുവന്നത്. ഒരു സംഘത്തില്‍ ഒരേ ഓഡിറ്റര്‍തന്നെ കണക്ക് പരിശോധന നടത്തുന്ന രീതി തട്ടിപ്പിന് വഴിയൊരുക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഓഡിറ്റ് രീതിതന്നെ മാറ്റി പരീക്ഷിക്കാന്‍ തീരുമാനിച്ചത്. നിലവിലുള്ള സംവിധാനത്തില്‍നിന്ന് പുതിയ ഓഡിറ്റ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ ഇപ്പോഴുള്ള സേവനത്തില്‍നിന്ന് ഉന്നത നിലവാരത്തിലുള്ള ഫലപ്രദമായ രീതിയിലേക്ക് മാറുകയാണ് ലക്ഷ്യമിടുന്നതെന്ന് ടീം ഓഡിറ്റ് സംസ്ഥാനത്താകെ വ്യാപിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് തത്വത്തില്‍ അംഗീകാരം നല്‍കി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ടീം ഓഡിറ്റ് നടപ്പാക്കുന്നതിനായി ഓഡിറ്റ് വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം പരിശീലനം നല്‍കിയിരുന്നു. എന്നാല്‍, ഓഡിറ്റ്-ജനറല്‍ വിഭാഗത്തിലേക്ക് ജീവനക്കാര്‍ സ്ഥാനമാറ്റം ഉണ്ടാകുന്നതിനാല്‍ എല്ലാവര്‍ക്കും പരിശീലനം നല്‍കാന്‍ പിന്നീട് തീരുമാനിച്ചു. ടീം ഓഡിറ്റിന് വിധേയമാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഓഡിറ്റ് ഡയറക്ടര്‍ പ്രത്യേക മാര്‍ഗരേഖയും ഇറക്കിയിട്ടുണ്ട്. ജീവനക്കാരുടെ കുറവ് സഹകരണ സംഘങ്ങളില്‍ ഓഡിറ്റിനുള്ള സമയം കുറയുന്നുവെന്ന പരാതി ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
ടീം ഓഡിറ്റ് സംസ്ഥാനത്താകെ നടപ്പാക്കുന്നതിന് സമഗ്രമായ സ്‌കീം തയ്യാറാക്കേണ്ടതുണ്ട്. സഹകരണ നിയമത്തില്‍ കൊണ്ടുവരുന്ന ഭേദഗതിക്ക് ശേഷമായിരിക്കും ഈ സ്‌കീമിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുക. നിലവില്‍ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി പരിശോധിക്കുകയാണ്. പൊതുജനങ്ങളില്‍നിന്ന് അടക്കം നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി സമിതിയുടെ ജില്ലാതല സിറ്റിങ് പൂര്‍ത്തിയായി വരുന്നേയുള്ളൂ. അടുത്ത സഭാസമ്മേളനത്തില്‍തന്നെ ഭേദഗതി ബില്ല് സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സഹിതം അവതരിപ്പിക്കും. ഇത് പാസായതിന് ശേഷമാകും ടീം ഓഡിറ്റ് സംസ്ഥാന തലത്തില്‍ നടപ്പാക്കാനിടയുള്ളൂ.