ഈടു വസ്തുവിന്റെ മൂല്യനിര്‍ണയം സ്വതന്ത്ര മൂല്യനിര്‍ണയക്കാര്‍ നടത്തും
വായ്പകളിലുള്ള നിയന്ത്രണങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുള്ള 59-ാം വകുപ്പിനുശേഷം 59 എ. എന്ന പുതിയ വകുപ്പു കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സഹകരണ വായ്പാസംഘങ്ങള്‍ അംഗങ്ങള്‍ക്കു നല്‍കുന്ന വസ്തുഈട് വായ്പകളില്‍ ഈടായി സ്വീകരിക്കുന്ന സ്ഥാവരസ്വത്തിന്റെ മൂല്യം യോഗ്യതയുള്ള സ്വതന്ത്ര മൂല്യനിര്‍ണയക്കാരന്‍ അല്ലെങ്കില്‍ മൂല്യനിര്‍ണയക്കാര്‍ നിര്‍ണയിക്കപ്പെട്ടപ്രകാരം മൂല്യനിര്‍ണയം നടത്തേണ്ടതാണെന്നു വ്യവസ്ഥയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മൂല്യനിര്‍ണയക്കാരനെ / മൂല്യനിര്‍ണയക്കാരെ രജിസ്ട്രാര്‍ അംഗീകരിച്ച പാനലില്‍നിന്നാണു തിരഞ്ഞെടുക്കേണ്ടത്. മൂല്യനിര്‍ണയക്കാരന്റെ / മൂല്യനിര്‍ണയക്കാരുടെ നിയമനം, മൂല്യനിര്‍ണയം നടത്തേണ്ട വായ്പത്തുക, മൂല്യനിര്‍ണയക്കാരനുണ്ടാവേണ്ട യോഗ്യത, പരിചയം, നിബന്ധനകള്‍, വ്യവസ്ഥകള്‍ തുടങ്ങിയവ നിര്‍ണയിക്കപ്പെടുന്നതുപ്രകാരമായിരിക്കും.
ഈടുവസ്തുവിന്റെ മൂല്യം പെരുപ്പിച്ചുകാട്ടി അംഗങ്ങള്‍ക്കു നല്‍കുന്ന അനര്‍ഹമായ വായ്പത്തുക കുടിശ്ശികയാകുമ്പോള്‍ നിയമനടപടികളിലൂടെ ഈടുവസ്തുവിന്റെ ലേലത്തില്‍ മുതല്‍ത്തുകയുടെ ഒരു ഭാഗം മാത്രമേ ഈടാക്കാന്‍ കഴിയാറുള്ളു എന്നുള്ള പരാതി വ്യാപകമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാഹ്യസ്വതന്ത്ര മൂല്യനിര്‍ണയക്കാരിലൂടെയുള്ള മൂല്യനിര്‍ണയം തീര്‍ച്ചയായും സഹകരണവായ്പാ മേഖലയ്ക്കു ഗുണകരമായിരിക്കും.
ഓഡിറ്റ് ടീമിന്റെ
സഹകരണ ഓഡിറ്റ്
സഹകരണ ഓഡിറ്റ് ഡയറക്ടറുമായി ബന്ധപ്പെട്ട നിയമത്തിലെ 63-ാം വകുപ്പിലും ഓഡിറ്റിന്റെ വിശാലതയും സഹകരണ ഓഡിറ്റ് ഡയറക്ടറുടെ അധികാരങ്ങളും നടപടിക്രമങ്ങളും പ്രതിപാദിക്കുന്ന 64-ാം വകുപ്പിലും സമഗ്രഭേദഗതികളാണു നിര്‍ദേശിച്ചിട്ടുള്ളത്. വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും സംഘത്തിന്റെ ഓഡിറ്റ് നടത്തേണ്ടതു ഭരണസമിതിയുടെ ചുമതലയാണെന്നു 63-ാം വകുപ്പിന്റെ നാലാം ഉപവകുപ്പില്‍ വ്യവസ്ഥയുണ്ട്. എല്ലാ സംഘങ്ങളും ഓരോ ധനകാര്യവര്‍ഷം അവസാനിച്ച് ആറു മാസത്തിനകം അതിന്റെ അതേവര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് നടത്തിയിരിക്കേണ്ടതാണെന്നു ഈ ഉപവകുപ്പിന്റെ പ്രൊവിസോയിലും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ പ്രൊവിസോയ്ക്കുശേഷം മറ്റൊരു പ്രൊവിസോ കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ ബാധ്യസ്ഥമായ സംഘങ്ങളുടെ കാര്യത്തില്‍ പ്രസ്തുത ആവശ്യത്തിനായുള്ള ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് സാമ്പത്തികവര്‍ഷം അവസാനിച്ച് മൂന്നു മാസത്തിനകം ഓഡിറ്റര്‍ യഥാവിധി സാക്ഷ്യപ്പെടുത്തേണ്ടതാണെന്നതാണു രണ്ടാമത്തെ പ്രൊവിസോ.
വകുപ്പ് 63 ന്റെ ഉപവകുപ്പ് ഏഴില്‍ സഹകരണ ഓഡിറ്റ് ഡയറക്ടര്‍ സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലായിരിക്കുമെന്നു വ്യവസ്ഥ ചെയ്തിട്ടുള്ള നിബന്ധന നീക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. സഹകരണ ഓഡിറ്റ് സ്വതന്ത്രമായിരിക്കണമെന്നും രജിസ്ട്രാറുടെ നിയന്ത്രണത്തിലായിരിക്കണമെന്ന വ്യവസ്ഥ നീക്കണമെന്നും സഹകാരികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. ഓഡിറ്റ് ഡയറക്ടറുടെ കീഴില്‍ പരിശീലനം ലഭിച്ച് വര്‍ഷങ്ങളായി ഓഡിറ്റ് നടത്തിക്കൊണ്ടിരിക്കുന്ന ഓഡിറ്റര്‍മാരെ ജനറല്‍വിഭാഗത്തിലേക്കു മാറ്റി പകരം ഓഡിറ്റ് നടത്തി പരിചയമോ ഓഡിറ്റിങ്ങില്‍ പരിശീലനമോ ലഭിക്കാത്ത ഇന്‍സ്‌പെക്ടര്‍മാരെയും അസി. രജിസ്ട്രാര്‍മാരെയും ഓഡിറ്റര്‍മാരായി നിയമിക്കുകയും ഗുണനിലവാരമില്ലാത്ത ഓഡിറ്റ് നടക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യം ഒഴിവാക്കാന്‍ ഭേദഗതിനിര്‍ദേശം സഹായകമാവും.
സംഘത്തിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിനുള്ള ഓഡിറ്റര്‍മാരുടെ കുറഞ്ഞ യോഗ്യതയും പരിചയവും നിര്‍ണയിക്കപ്പെട്ട രീതിയിലായിരിക്കുമെന്നു എട്ടാം ഉപവകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓഡിറ്റര്‍മാരുടെ എന്ന വാക്കിനുശേഷം ഓഡിറ്റര്‍മാരുടെ ടീമിന്റെ എന്നുകൂടി ചേര്‍ക്കാന്‍ ഈ വ്യവസ്ഥയില്‍ നിര്‍ദേശിക്കുന്നു.
എല്ലാ സഹകരണസംഘങ്ങളും ഒരു ഓഡിറ്ററെ അല്ലെങ്കില്‍ ഓഡിറ്റര്‍മാരെ അല്ലെങ്കില്‍ ഓഡിറ്റര്‍മാരുടെ ടീമിനെ ഉപവകുപ്പ് എട്ടില്‍ പറയുന്നതുപ്രകാരം ഓഡിറ്റ് നടത്തുന്നതിനായി പൊതുയോഗം അല്ലെങ്കില്‍ വിശേഷാല്‍ പൊതുയോഗം സഹകരണ ഓഡിറ്റ് ഡയറക്ടര്‍ അംഗീകരിച്ച ഓഡിറ്റര്‍മാരുടെ പട്ടികയില്‍നിന്നു നിയമിക്കേണ്ടതാണെന്നു 63-ാം വകുപ്പിന്റെ ഒമ്പതാം ഉപവകുപ്പില്‍ നിലവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മേല്‍സൂചിപ്പിച്ച പാനലില്‍ നിലവില്‍ ഓഡിറ്റര്‍മാരില്ലെങ്കില്‍ ഓഡിറ്റ് ഡയറക്ടര്‍ അംഗീകരിച്ച ഓഡിറ്റ് സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്നു ഓഡിറ്റ് സ്ഥാപനങ്ങളെ സംഘപൊതുയോഗത്തിന് നിയമിക്കാവുന്നതാണെന്നും ഈ വ്യവസ്ഥയുടെ പ്രൊവിസോയില്‍ പറയുന്നുണ്ട്. ഒമ്പതാം ഉപവകുപ്പിലെ മേല്‍സൂചിപ്പിച്ച വ്യവസ്ഥയും അതിന്റെ പ്രൊവിസോയും ഒഴിവാക്കി പകരം ഒമ്പതാം ഉപവകുപ്പിലെ വ്യവസ്ഥയായി പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ ബില്ലില്‍ നിര്‍ദേശിക്കുന്നു. ആ നിര്‍ദേശം ഇതാണ്: ‘ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചതും വിജ്ഞാപനം ചെയ്തതുമായ സ്‌കീമിനനുസൃതമായി സഹകരണ ഓഡിറ്റ് ഡയറക്ടര്‍ നിയമിക്കുന്ന ഓഡിറ്റര്‍മാരുടെ ഒരു സംഘത്തെക്കൊണ്ട് എല്ലാ സഹകരണസംഘങ്ങളും ഓഡിറ്റ് നടത്തിക്കേണ്ടതാണ്. ഓഡിറ്റ് ടീമിന്റെ രൂപവത്കരണം, ഘടന, ഓഡിറ്റ് നടത്തുന്ന രീതി, ഓഡിറ്റ്‌റിപ്പോര്‍ട്ട് തയാറാക്കുന്നവിധം തുടങ്ങിയവ സര്‍ക്കാര്‍ അംഗീകരിച്ച സ്‌കീമില്‍ ഉള്‍പ്പെടുത്തേണ്ടതാണ് ‘.
എല്ലാ അപക്‌സ് സംഘങ്ങളുടെയും സാമ്പത്തികക്കണക്കുകള്‍ സഹകരണ ഓഡിറ്റ് ഡയറക്ടര്‍ അംഗീകരിച്ച പാനലില്‍നിന്നുള്ള ഓഡിറ്റ് സ്ഥാപനങ്ങള്‍ ഓഡിറ്റ് നടത്തേണ്ടതും ഭരണപരമായതും അതുമായി ബന്ധപ്പെട്ട അപക്‌സ് സംഘങ്ങളുടെ കണക്കുകളും ഓഡിറ്റ്‌വകുപ്പിലെ സഹകരണ ഓഡിറ്റ് ഡയറക്ടര്‍ അംഗീകരിച്ചതും നിശ്ചയിച്ചതുമായ ഉദ്യോഗസ്ഥരുടെ പട്ടികയില്‍നിന്നു നടത്തുകയും സഹകരണ ഓഡിറ്റ് ഡയറക്ടര്‍ക്ക് ഓഡിറ്റ്‌റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യേണ്ടതാണെന്ന വ്യവസ്ഥ പത്താം ഉപവകുപ്പില്‍ നിലവിലുണ്ട്. ഈ വ്യവസ്ഥയിലെ എല്ലാ അപക്‌സ് സംഘങ്ങളുടെയും എന്ന വാക്കുകള്‍ക്കുശേഷം ഗ്രാമീണ സഹകരണ ബാങ്കുകളുടെയും എന്ന വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാനും ഭരണപരമായി ബന്ധപ്പെട്ട അപക്‌സ് സംഘങ്ങളുടെ കണക്കുകള്‍ എന്നതിനുശേഷമുള്ള ‘ ഓഡിറ്റ് വകുപ്പിലെ ഓഡിറ്റ് ഡയറക്ടര്‍ അംഗീകരിച്ച പാനലിലെ ‘ എന്ന വാക്കുകള്‍ നീക്കാനും ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്. സംഘത്തിന്റെ പണമോ വസ്തുക്കളോ സ്വത്തുക്കളോ തിരിമറി നടത്തിയെന്നോ എന്തെങ്കിലും ദുരുപയോഗമോ തട്ടിപ്പോ പണാപഹരണമോ നടത്തിയെന്നോ ഓഡിറ്റില്‍ ബോധ്യപ്പെട്ടാല്‍ ഓഡിറ്റ്ടീം ഒരു പ്രത്യേകറിപ്പോര്‍ട്ട് തയാറാക്കേണ്ടതും അതു സഹകരണസംഘം ഓഡിറ്റ് ഡയറക്ടര്‍ക്കും രജിസ്ട്രാര്‍ക്കും അയച്ചുകൊടുക്കേണ്ടതുമാണെന്നും രജിസ്ട്രാറോ സഹകരണ ഓഡിറ്റ് ഡയറക്ടറോ പ്രത്യേകറിപ്പോര്‍ട്ട് വകുപ്പ് 68 എ പ്രകാരം നിയമിതനായ വിജിലന്‍സ് ഓഫീസര്‍ക്കു വിശദമായ അന്വേഷണത്തിനായി അയച്ചുകൊടുക്കേണ്ടതുമാണെന്നുമുള്ള നിബന്ധന കൂട്ടിച്ചേര്‍ക്കാനും ബില്ലില്‍ നിര്‍ദേശിക്കുന്നു.
ഓഡിറ്റിങ്ങിനു
നിയന്ത്രണം
63-ാം വകുപ്പിന്റെ 12-ാം ഉപവകുപ്പിനുശേഷം ഉപവകുപ്പ് 12 ( എ ) കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു. ഇങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെടേണ്ട ഓഡിറ്റര്‍ക്ക് അല്ലെങ്കില്‍ ഓഡിറ്റ് സ്ഥാപനത്തിന് അല്ലെങ്കില്‍ ഓഡിറ്റ്ടീമിന് ഒരു സംഘത്തില്‍ തുടര്‍ച്ചയായി നടത്താവുന്ന ഓഡിറ്റിനുള്ള നിയന്ത്രണമാണു ഉപവകുപ്പില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഒരു ഓഡിറ്ററെ / ഓഡിറ്റിങ് സ്ഥാപനത്തെ / ഓഡിറ്റര്‍മാരുടെ ടീമിനെ ഒരു സഹകരണസംഘത്തിന്റെ ഓഡിറ്റിങ്ങിനായി തുടര്‍ച്ചയായ രണ്ടില്‍ക്കൂടുതല്‍ വര്‍ഷം ചുമതലപ്പെടുത്താന്‍ പാടില്ലെന്ന നിയന്ത്രണവ്യവസ്ഥയാണു ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
64-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പിലെ ഓഡിറ്റ് എന്നതില്‍ കാലാവധി കഴിഞ്ഞ കടങ്ങള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അവയുടെ വിലയിരുത്തല്‍, ബാക്കിയിരിപ്പുപണം, സെക്യൂരിറ്റികള്‍ എന്നിവയുടെ പരിശോധന, സംഘത്തിന്റെ ആസ്തിബാധ്യതകള്‍ നിര്‍ണയിക്കല്‍ തുടങ്ങി നിര്‍ണയിക്കാവുന്ന അതുപോലുള്ള പരിശോധനാവിഷയങ്ങളും ഉള്‍പ്പെടുന്നതാണ് എന്ന വ്യവസ്ഥക്കുശേഷം മൂന്നു പ്രൊവിസോകള്‍ ( നിബന്ധനകള്‍ ) കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഒരു പൊതു സോഫ്റ്റ്‌വെയറോ രജിസ്ട്രാര്‍ അംഗീകരിച്ച മറ്റേതെങ്കിലും സോഫ്റ്റ്‌വെയറോ ഉപയോഗിച്ച് അക്കൗണ്ടുകള്‍ തയാറാക്കുന്ന സഹകരണസംഘങ്ങളുടെ കാര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ ഓഡിറ്റും ഹാര്‍ഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറിന്റെയും വിലയിരുത്തലും ഓഡിറ്റില്‍ ഉള്‍പ്പെടുന്നതാണ് എന്ന നിബന്ധനയാണു ഒന്നാമതായി നിര്‍ദേശിച്ചിട്ടുള്ളത്. ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ ഓഡിറ്റ്‌സമയത്തും സോഫ്റ്റ്‌വെയറിന്റെയും ഹാര്‍ഡ്‌വെയറിന്റെയും വിലയിരുത്തലിലും രേഖകളില്‍ കൃത്രിമം നടത്തിയതായോ സോഫ്റ്റ്‌വെയറിന്റെ / ഹാര്‍ഡ്‌വെയറിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും കൃത്രിമമുള്ളതായോ വെളിച്ചത്തുവന്നാല്‍ ഓഡിറ്റര്‍ / ഓഡിറ്റര്‍മാര്‍ അക്കാര്യം സഹകരണ ഓഡിറ്റ് ഡയറക്ടറെയും രജിസ്ട്രാറെയും അറിയിക്കേണ്ടതാണ് എന്ന പ്രൊവിസോയാണു രണ്ടാമതായി കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. സഹകരണ ഓഡിറ്റ് ഡയറക്ടറോ രജിസ്ട്രാറോ സിസ്റ്റത്തിലെ കൃത്രിമവുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിനായി വകുപ്പ് 68 എ യില്‍ നിര്‍ദേശിക്കുന്ന പ്രകാരമുള്ള പോലീസ് മേധാവിയെയോ അല്ലെങ്കില്‍ വിജിലന്‍സിനെയോ അതതു സംഗതിപോലെ അറിയിക്കേണ്ടതാണെന്ന നിബന്ധനയാണു മൂന്നാമതായി കൂട്ടിച്ചേര്‍ക്കാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
സാമ്പത്തികകാര്യങ്ങളുടെയും മറ്റു നിയമാനുസൃതമായ വിവരങ്ങളുടെയും കൃത്യത ഉറപ്പാക്കേണ്ടതു സംഘത്തിന്റെ ഭരണസമിതിയുടെ ചുമതലയായിരിക്കുമെന്നും അപ്രകാരമുള്ള രേഖകള്‍ ലഭിച്ചശേഷം ഒരു മാസത്തിനകം ഓഡിറ്റിനായി ഓഡിറ്റര്‍മുമ്പാകെ സമര്‍പ്പിക്കേണ്ട ചുമതല ഭരണസമിതിക്കായിരിക്കുമെന്നുമുള്ള വ്യവസ്ഥ നിലവിലെ 64-ാം വകുപ്പിന്റെ ഉപവകുപ്പ് നാല് ( എ ) യിലുണ്ട്. ഇതിലെ സമയപരിധി ഒരു മാസത്തിനകം എന്നതു പതിനഞ്ചു ദിവസത്തിനകം എന്നു ഭേദഗതി വരുത്താനാണു ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സമയബന്ധിതമായി ഓഡിറ്റ് പൂര്‍ത്തിയാക്കി സാമ്പത്തികവര്‍ഷം അവസാനിച്ച് ആറു മാസത്തിനകം വാര്‍ഷികപൊതുയോഗം വിളിച്ചുകൂട്ടുക എന്ന നിയമപരമായ ബാധ്യത നിറവേറ്റാന്‍ മേല്‍സൂചിപ്പിച്ച ഭേദഗതിവ്യവസ്ഥ സഹായകമാവും.
ഓഡിറ്റ്
സര്‍ട്ടിഫിക്കറ്റ്
ഓഡിറ്റ്‌റിപ്പോര്‍ട്ട് ലഭിച്ച് മൂന്നു മാസത്തിനകം സഹകരണ ഓഡിറ്റ് ഡയറക്ടര്‍ ഓഡിറ്റ് മെമ്മോറാണ്ടത്തിന്റെ പകര്‍പ്പോടുകൂടിയ ഓഡിറ്റ്‌സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട സംഘത്തിനു നല്‍കേണ്ടതാണെന്ന വ്യവസ്ഥയാണു 64-ാം വകുപ്പിന്റെ ഉപവകുപ്പു നാല് ( ബി ) യില്‍ നിലവിലുള്ളത്. ഓഡിറ്റര്‍ / ഓഡിറ്റര്‍മാര്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയശേഷം ഓഡിറ്റ് ഡയറക്ടര്‍ക്കു നല്‍കുന്ന ഓഡിറ്റ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഓഡിറ്റ് ഡയറക്ടര്‍ ഓഡിറ്റ്‌സര്‍ട്ടിഫിക്കറ്റ് സംഘങ്ങള്‍ക്കു നല്‍കുന്നത്. ഓഡിറ്റ് മെമ്മോറാണ്ടവും ഓഡിറ്റ് നോട്ടും പരിശോധിച്ചശേഷം ബന്ധപ്പെട്ട സംഘത്തിന് ഒരു ഓഡിറ്റ്‌സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മൂന്നുമാസ സമയപരിധിയാണ് ഇപ്പോള്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. യഥാര്‍ഥത്തില്‍, മൂന്നുമാസത്തിന്റെ മൂന്നിലൊന്നു സമയംപോലും ഓഡിറ്റ്‌സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആവശ്യമില്ല. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി ഓഡിറ്റ്‌സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സമയപരിധി മൂന്നു മാസത്തിനകം എന്നതു 45 ദിവസത്തിനകം എന്നു ചുരുക്കാനുള്ള നിര്‍ദേശമാണു ബില്ലിലുള്ളത്. സംഘംഭരണസമിതിയ്ക്കു മുഖ്യകാര്യദര്‍ശി തയാറാക്കുന്ന സാമ്പത്തികരേഖകളും മറ്റു നിയമാനുസൃത വിവരങ്ങളും മെയ് ആദ്യം ലഭിച്ചശേഷം ഒരു മാസത്തിനകം ഓഡിറ്റിനായി ഓഡിറ്റര്‍ക്കു സമര്‍പ്പിക്കാത്തപക്ഷം ഭരണസമിതിയില്‍ തുടരാനുള്ള യോഗ്യത അവര്‍ക്കു നഷ്ടപ്പെടുമെന്നും ഭരണസമിതിയില്‍നിന്ന് അവരെ നീക്കുമെന്നുമുള്ള വ്യവസ്ഥയുള്ളപ്പോള്‍ ഓഡിറ്റ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തില്‍ ഓഡിറ്റ്‌സര്‍ട്ടിഫിക്കറ്റ് മാസങ്ങള്‍ വൈകി ഓഡിറ്റ് ഡയറക്ടര്‍ നല്‍കിയിട്ടുള്ള കേസുകളില്‍ ഓഡിറ്റ് ഡയറക്ടറുടെ വീഴ്ചയ്ക്കു പെനാല്‍റ്റിവ്യവസ്ഥ നിലവിലെ സഹകരണനിയമത്തിലില്ല.
ഓഡിറ്റിങ്ങിന്
90 ദിവസം
ഓഡിറ്ററോ ഓഡിറ്റ്സ്ഥാപനമോ സ്റ്റേറ്റ്‌മെന്റ് ലഭിച്ച തീയതിമുതല്‍ നാലു മാസത്തിനകം ഓഡിറ്റ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സഹകരണ ഓഡിറ്റ് ഡയറക്ടര്‍ക്കു നല്‍കണമെന്നു 64-ാം വകുപ്പിന്റെ ഉപവകുപ്പ് അഞ്ചില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥയില്‍ ഓഡിറ്ററോ എന്ന വാക്കിനുശേഷം ‘ അല്ലെങ്കില്‍ ഓഡിറ്റ്ടീമോ ‘ എന്ന വാക്കുകള്‍ ചേര്‍ക്കാനും നാലു മാസത്തിനകം ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്ന സമയപരിധി 90 ദിവസത്തിനകം എന്നു ഭേദഗതി വരുത്താനും ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. കമ്പ്യൂട്ടര്‍വത്കരിക്കപ്പെട്ട സംഘങ്ങളില്‍ മൂന്നു പേരുള്ള ഓഡിറ്റ്ടീം ഓഡിറ്റ് നടത്തുമ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള 90 ദിവസംതന്നെ ആവശ്യത്തിലധികമാണെന്ന കാഴ്ചപ്പാടാണു സഹകാരികള്‍ക്കുള്ളത്.
64-ാം വകുപ്പിന്റെ ഉപവകുപ്പ് അഞ്ചിനുശേഷം അഞ്ച് എ. എന്ന ഉപവകുപ്പു കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓഡിറ്റ് പൂര്‍ത്തിയാക്കിയശേഷം സഹകരണ ഓഡിറ്റ് ഡയറക്ടര്‍ക്കു ഓഡിറ്റ്‌റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പായി ഓഡിറ്റര്‍ / ഓഡിറ്റ്ടീം ഓഡിറ്റില്‍ കണ്ടെത്തിയ വിഷയങ്ങള്‍ ബന്ധപ്പെട്ട സംഘത്തിന്റെ മാനേജിങ് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത് അവരുടെ മറുപടി സ്വീകരിക്കേണ്ടതാണ് എന്ന വ്യവസ്ഥയാണു കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നടത്തിയ ഓഡിറ്റിന്റെ ഫലം സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും ന്യൂനതകള്‍ വെളിപ്പെടുത്തുന്നുണ്ടെങ്കില്‍ അവ സഹകരണ ഓഡിറ്റ് ഡയറക്ടര്‍ ആ സംഘത്തിന്റെ ശ്രദ്ധയിലും ആ സംഘത്തെ മറ്റൊരു സംഘവുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആ സംഘത്തിന്റെ ശ്രദ്ധയിലും കൊണ്ടുവരാവുന്നതാണെന്നു ഒമ്പതാം ഉപവകുപ്പില്‍ 63-ാം വകുപ്പു പ്രകാരം നിലവില്‍ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയോടൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള വ്യവസ്ഥ ഇനി പറയുംപ്രകാരമാണ്: ‘ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പോരായ്മയുണ്ടെന്നു ഈ വകുപ്പിന്‍കീഴില്‍ നടന്ന ഓഡിറ്റിന്റെ ഫലത്തില്‍ വെളിപ്പെട്ടാല്‍ ഓഡിറ്റ്‌റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളും പോരായ്മകളും പരിഹരിക്കാന്‍ സംഘംഭരണസമിതി നടപടി സ്വീകരിക്കേണ്ടതും ഓരോ വര്‍ഷവും ചേരുന്ന പൊതുയോഗത്തിനുമുമ്പാകെ ഒരു നടപടിറിപ്പോര്‍ട്ട്‌സഹിതം ഓഡിറ്റ്‌റിപ്പോര്‍ട്ട് വെയ്‌ക്കേണ്ടതും അതില്‍ ക്രമക്കേടുകളും പോരായ്മകളും വിശദീകരിക്കേണ്ടതുമാണ്. ഓഡിറ്റ്‌റിപ്പോര്‍ട്ടിലുള്ള എല്ലാ അപാകതകളും മാറ്റാനും എല്ലാ ക്രമക്കേടുകളും പരിഹരിക്കാനും ഭരണസമിതി നടപടികള്‍ എടുക്കുന്നതു തുടരേണ്ടതും എല്ലാ അപാകതകളും ക്രമക്കേടുകളും പരിഹരിക്കുന്നതുവരെ എല്ലാ വര്‍ഷങ്ങളിലും പൊതുയോഗത്തെ ധരിപ്പിക്കേണ്ടതുമാണ്. പൊതുയോഗം നടന്ന ദിവസംമുതല്‍ പതിനഞ്ചു ദിവസത്തിനകം രജിസ്ട്രാര്‍ക്കും സഹകരണ ഓഡിറ്റ് ഡയറക്ടര്‍ക്കും നടപടിറിപ്പോര്‍ട്ട് ഭരണസമിതി അയച്ചുനല്‍കേണ്ടതാണ്’.
നടത്തിയ ഓഡിറ്റിന്റെ ഫലം സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും ഗുരുതരമായ ന്യൂനതകള്‍ വെളിപ്പെടുത്തുന്നുണ്ടെങ്കില്‍ സഹകരണ ഓഡിറ്റ് ഡയറക്ടറോ അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ സത്വര അനന്തര നടപടികള്‍ക്കായി ഉടന്‍തന്നെ അതു രജിസ്ട്രാറെ അറിയിക്കേണ്ടതാണെന്ന വ്യവസ്ഥയാണു പത്താം ഉപവകുപ്പില്‍ 63-ാം വകുപ്പുപ്രകാരം നിലവിലുള്ളത്. ഈ ഉപവകുപ്പിന് ഒരു പ്രൊവിസോ ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും വ്യക്തി സംഘത്തിനുണ്ടാക്കിയിട്ടുള്ള നാശനഷ്ടങ്ങളിന്മേലുള്ള നടപടികളില്‍നിന്നും രക്ഷപ്പെടാനായി രേഖകളോ റെക്കോഡുകളോ നശിപ്പിക്കാനോ തിരുത്താനോ ശ്രമിച്ചിട്ടുണ്ടെന്നു സഹകരണ ഓഡിറ്റ് ഡയറക്ടര്‍ക്കോ അദ്ദേഹം സംഘത്തില്‍ ഓഡിറ്റ് ചെയ്യാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ അഭിപ്രായമുണ്ടെങ്കില്‍ ആ വിവരം വകുപ്പ് 68 എ പ്രകാരം പോലീസിനോ വിജിലന്‍സിനോ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന പ്രൊവിസോയാണു കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
രജിസ്ട്രാര്‍ നടത്തുന്ന അന്വേഷണവിചാരണ പ്രതിപാദിക്കുന്ന 65-ാം വകുപ്പിലും സമഗ്രഭേദഗതിയാണു നിര്‍ദേശിച്ചിട്ടുള്ളത്. അന്വേഷണവിഷയങ്ങളുമായി ബന്ധപ്പെട്ട, 65-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പില്‍ വകുപ്പ് 68 എ പ്രകാരം, നിയമിക്കപ്പെടുന്ന വിജിലന്‍സ് ഓഫീസറുടെ അന്വേഷണറിപ്പോര്‍ട്ടിന്മേല്‍ രജ്‌സ്ട്രാര്‍ക്ക് അന്വേഷണം നടത്താം എന്ന ഖണ്ഡം ( ബി ) യിലെ വ്യവസ്ഥ ഒഴിവാക്കാന്‍ ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംഘം ഭരണസമിതിയിലെ ഭൂരിഭാഗം അംഗങ്ങളുടെയോ അല്ലെങ്കില്‍ പൊതുയോഗത്തിനുവേണ്ട ക്വാറത്തിന്റെ മൂന്നിലൊന്നില്‍ കുറയാത്ത അംഗങ്ങളുടെയോ, ഇതില്‍ ഏതാണോ കുറവ് അവരുടെ അപേക്ഷയിന്മേല്‍ അന്വേഷണം നടത്താം എന്ന വ്യവസ്ഥക്കു പകരം സംഘം ഭരണസമിതിയുടെ ഭൂരിപക്ഷം അംഗങ്ങളാലോ അല്ലെങ്കില്‍ സംഘത്തിലെ മൊത്തം അംഗങ്ങളുടെ മൂന്നില്‍ രണ്ടില്‍ കുറയാത്തതോ അല്ലെങ്കില്‍ പൊതുയോഗത്തിന്റെ ക്വാറത്തിനാവശ്യമായ എണ്ണം അംഗങ്ങളോ ഏതാണോ കുറവ് അവരാലോ ഉള്ള അപേക്ഷയിന്മേല്‍ അന്വേഷണം നടത്താം എന്ന വ്യവസ്ഥ നിര്‍ദേശിച്ചിട്ടുണ്ട്.
വാദം കേള്‍ക്കാന്‍
അവസരം നല്‍കും
65-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പില്‍ സി. ഖണ്ഡത്തിനുശേഷം ഖണ്ഡം ഡി. പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശിക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ടതോ അതിലുള്‍പ്പെട്ടിരിക്കുന്നതോ ആയ ആളിന് അല്ലെങ്കില്‍ ആളുകള്‍ക്ക് അന്വേഷണത്തിന്റെ വിഷയം സൂചിപ്പിച്ചുകൊണ്ട് രജിസ്‌ട്രേഡ് തപാല്‍ മുഖേനയോ അല്ലെങ്കില്‍ നേരിട്ടോ ഉചിതമായ നോട്ടീസ് നല്‍കേണ്ടതും അയാളുടെ / അവരുടെ ഭാഗം കേള്‍ക്കുന്നതിന് ഒരവസരം നല്‍കേണ്ടതുമാണെന്ന പൊതുനീതി പാലിക്കാനുള്ള വ്യവസ്ഥയാണ് ഈ ഖണ്ഡത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
രണ്ടാം ഉപവകുപ്പിനുശേഷം രണ്ട് എ. എന്ന ഉപവകുപ്പും അതിന്റെ പ്രൊവിസോയും കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശിക്കുന്നു. 65-ാം വകുപ്പു പ്രകാരം, നടത്തിയ അന്വേഷണത്തില്‍ എന്തെങ്കിലും അപാകത വെളിപ്പെടുമ്പോള്‍ രജിസ്ട്രാറോ അന്വേഷണം നടത്താന്‍ അദ്ദേഹം അധികാരപ്പെടുത്തിയ ആളോ ആളുകളോ വ്യക്തിഗത ബാധ്യത തിട്ടപ്പെടുത്തുന്നതുള്‍പ്പെടെ സംഘത്തിനുണ്ടായ അപാകതകള്‍, ദുര്‍വിനിയോഗത്തിന്റെ അളവ്, മറ്റു നഷ്ടങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ ഒരന്വേഷണറിപ്പോര്‍ട്ട് തയാറാക്കണം. എന്നാല്‍, അന്വേഷണത്തില്‍ 94-ാം വകുപ്പിന്‍കീഴില്‍ വരുന്ന എന്തെങ്കിലും കുറ്റം വെളിപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരു സ്‌പെഷല്‍ റിപ്പോര്‍ട്ട് തയാറാക്കി രജിസ്ട്രാര്‍ക്കു നല്‍കേണ്ടതും അതോടൊപ്പംതന്നെ വകുപ്പ് 68 എ.യിലെ വ്യവസ്ഥകള്‍ പ്രകാരം അതു പോലീസിനോ വിജിലന്‍സിനോ കൂടുതല്‍ വിശദമായ അന്വേഷണത്തിനു കൈമാറേണ്ടതുമാണ് എന്ന പ്രൊവിസോയാണ് ഉപവകുപ്പ് രണ്ട് എ. വ്യവസ്ഥയോടൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഉപവകുപ്പ് അഞ്ചില്‍ 65-ാം വകുപ്പിനു കീഴിലുള്ള അന്വേഷണം ആറുമാസ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന നിബന്ധന നാലുമാസ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന ഭേദഗതിയും ബില്ലിലുണ്ട്. അന്വേഷണം അനന്തമായി നീളാതെ കഴിവതും വേഗം പൂര്‍ത്തിയാക്കുന്നതിനും സംഘത്തിനു ധനനഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ അതു കാലതാമസമുണ്ടാകാതെ ബന്ധപ്പെട്ടവരില്‍ നിന്നു വസൂലാക്കുന്നതിനും കുറ്റവാളികളെ വേഗം ശിക്ഷിക്കുന്നതിനും അന്വേഷണപരിധി കുറയ്ക്കുന്നതു സഹായകമാകും.
അന്വേഷണ വിചാരണ പൂര്‍ത്തിയാകുമ്പോള്‍ സംഘത്തിന്റെ രൂപവത്കരണത്തിലോ പ്രവര്‍ത്തനത്തിലോ അല്ലെങ്കില്‍ സാമ്പത്തികസ്ഥിതിയിലോ സാരമായ ന്യൂനതകളുണ്ടെന്നു രജിസ്ട്രാര്‍ക്കു ബോധ്യമായാല്‍ അദ്ദേഹത്തിനു 32-ാം വകുപ്പിലെ വ്യവസ്ഥകള്‍പ്രകാരമുള്ള ഉചിതനടപടികള്‍ കൈക്കൊള്ളാവുന്നതാണെന്ന വ്യവസ്ഥയാണു 65-ാം വകുപ്പിന്റെ ഉപവകുപ്പ് ആറില്‍ നിലവിലുള്ളത്. സഹകരണനിയമത്തിലെ 32-ാം വകുപ്പില്‍ രജിസ്ട്രാര്‍ കൈക്കൊള്ളേണ്ട നടപടി കമ്മിറ്റിയെ പിരിച്ചുവിട്ടുകൊണ്ട് ഒരു അഡ്മിനിസ്‌ട്രേറ്ററെയോ അല്ലെങ്കില്‍ മൂന്നു പേരില്‍ കൂടാത്ത അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെയോ നിയമിക്കുക എന്നതുമാത്രമാണ്. സംഘത്തിനു ധനനഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ അതു വസൂലാക്കാനുള്ള വ്യവസ്ഥ 32-ാം വകുപ്പിലില്ല. ഈ ന്യൂനത മനസ്സിലാക്കി 32-ാം വകുപ്പിലെ വ്യവസ്ഥകള്‍ക്കനുസൃതമായി എന്നതിനു പകരം ബന്ധപ്പെട്ട കക്ഷികള്‍ക്കു വാദം കേള്‍ക്കാനവസരം നല്‍കിയശേഷം നിയമപരമായ ഉചിതനടപടി കൈക്കൊള്ളാവുന്നതാണെന്ന ഭേദഗതി പ്രസ്തുത ഉപവകുപ്പില്‍ നിര്‍ദേശിച്ചിരിക്കുന്നു.
നിലവിലെ ആറാം ഉപവകുപ്പിനുശേഷം ഏഴാം ഉപവകുപ്പ് കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും അന്വേഷണത്തില്‍ സഹകരണസംഘത്തിന്റെ പണത്തിലോ വസ്തുവിലോ ആസ്തികളിലോ ക്രമക്കേടോ അപഹരണമോ പണാപഹരണമോ തട്ടിപ്പോ വെളിപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നഷ്ടം കണക്കാക്കി ക്രമക്കേടു നടത്തിയതോ അപഹരിച്ചതോ ആയ പണമോ വസ്തുവോ ആസ്തികളോ നിയമാനുസൃത നടപടികളിലൂടെ തിരിച്ചുപിടിക്കാനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതാണ് എന്ന വ്യവസ്ഥയാണു കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത് ( തുടരും ).