ആലപ്പുഴ കഞ്ഞിക്കുഴി സഹകരണ ബാങ്ക് പണത്തിനൊപ്പം പച്ചക്കറി വിത്തും നൽകും.
ആലപ്പുഴ കഞ്ഞിക്കുഴി സഹകരണ ബാങ്ക് പണത്തിനൊപ്പം പച്ചക്കറി വിത്തും നൽകും.കഞ്ഞിക്കുഴി സഹകരണ ബാങ്ക് പുതിയൊരു കാമ്പയിൻ തുടങ്ങിയിരിക്കുകയാണ്. വീട്ടിൽ അടച്ചിരിക്കണ്ട, പുരയിടത്തിൽ കൃഷി ചെയ്തോളൂ. പെൻഷൻ വിതരണത്തോടൊപ്പം ഒരു പായ്ക്കറ്റ് വിത്തും എല്ലാ വീടുകളിലും കൊടുക്കും. സമീപ ബാങ്കുകളും ഇത് ഏറ്റെടുത്തിരിക്കുകയാണ്. എംഎൽഎയും ധനമന്ത്രിയുമായ തോമസ് ഐസക്കാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. പൂർണ്ണ രൂപം താഴെ..
ഇത്തരമൊരു ഘട്ടത്തിൽ എങ്ങനെയാണ് കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ കാർഷിക ആശുപത്രിയ്ക്ക് അവധി നൽകുക? വീട്ടിലിരിക്കുന്നവർ കൃഷി ആരംഭിച്ചതോടെ സംശയങ്ങളുടെ പൂരമാണ്. ബാങ്കിനു മുൻവശമുള്ള കാർഷിക ആശുപത്രിയിൽ രാവിലെ ഒരു മണിക്കൂറുള്ള ഒ.പി. സമയം ഒഴിവാക്കിയെങ്കിലും ഫോണിലുള്ള ക്ലിനിക്ക് തുടരുകയാണ്.
കഞ്ഞിക്കുഴിയിലെ പരമ്പരാഗത കർഷകരായ ജി.ഉദയപ്പൻ, കെ.പി. സുഭകേശൻ, ആനന്ദൻ അഞ്ചാതറ, പി.കെ.ശശി, സി.പുഷ്പജൻ, ജി.മണിയൻ എന്നിവരാണ് കൃഷി ഡോക്ടറന്മാർ. കേരളത്തിലെ ആദ്യ കർഷകമിത്ര റ്റി.എസ് വിശ്വനാണ് കാർഷിക ആശുപത്രിയിലെ ചീഫ് ഫിസീഷ്യൻ ഇവർക്കിപ്പോൾ സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യുവാൻ സമയം കിട്ടുന്നില്ല. ഫോണിലൂടെയുള്ള സംശയ നിവാരണമാണ് കാരണം. സ്നേഹപൂർവ്വം കാർഷിക മേഖലയിലെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിൽ വ്യാപൃതരാണിവർ.
2016 ലാണ് കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് കാർഷിക ആശുപത്രി ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ കൃഷി ഡോക്ടർമാർക്ക് അത്ര ഡിമാൻഡ് ഇല്ലായിരുന്നെങ്കിലും ഇപ്പോൾ ആവശ്യക്കാരേറെയാണ്. സ്ഥിരമായി ഇവരുടെ സേവനം തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. തികച്ചും സൗജന്യമായാണ് സേവനം. ബാങ്കിലെ കാർഷിക ഡിസ്പെൻസറിയിലും ആവശ്യക്കാർ കൂടി വരുന്നു. വീട്ടിൽ നിൽക്കുന്നവർ ജൈവമരുന്നുകളും പച്ചക്കറിതൈകളും വിത്തുകളും ഒക്കെ വാങ്ങാൻ ആളെത്തുന്നുണ്ട്. ബാങ്ക് ഇടപാടു സമയം വരെ കാർഷിക ഡിസ്പെൻസറിയും പ്രവർത്തിക്കുന്നുണ്ട്. കോവിഡ് അവധികാലം കാർഷിക വൃത്തിക്കായി മാറ്റി വയ്ക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി ഹരിത മിത്ര അവാർഡു ജേതാവ് ശുഭകേശനും, ബാങ്കിന്റെ കാർഷിക സമിതി കൺവീനർ ജി.ഉദയപ്പനും പറയുന്നു.
ബാങ്കിലെത്തുന്ന ഇടപാടുകാർക്കും സാമൂഹ്യപെൻഷൻ വാങ്ങുന്നവരുടെ വീടുകളിലും സൗജന്യമായി വിത്തുകൾ നൽകുന്നുണ്ട്. പച്ചക്കറിവിത്തുകൾ ആവശ്യപ്പെട്ട് നിരവധി പേരുടെ ഫോൺ കോളുകൾ വരുന്നുണ്ട്. ഫോൺ: റ്റി.എസ്.വിശ്വൻ – 9496884318, ബാങ്ക് പ്രസിഡന്റ് സന്തോഷ് – 9447463668.