ആന്ധ്ര പ്രദേശ് സഹകരണ മേഖലയില്‍ എച്ച്.ആര്‍. നയം നടപ്പാക്കുന്നു
ആന്ധ്ര പ്രദേശില്‍ സഹകരണ സംഘങ്ങളെയും ബാങ്കുകളെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സഹകരണ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കുമായി എച്ച്.ആര്‍. ( മാനവ വിഭവശേഷി ) നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ നയപ്രകാരം സഹകരണ ബാങ്കുകളിലെയും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലെയും ജീവനക്കാര്‍ക്ക് സ്ഥലംമാറ്റത്തിനും ശമ്പള പരിഷ്‌കരണത്തിനും അര്‍ഹതയുണ്ടാവും.
സംസ്ഥാനത്തിപ്പോള്‍ ഒരു എച്ച്. ആര്‍. നയമില്ലാത്തതിനാല്‍ സഹകരണ ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളിലെ പല ജീവനക്കാരും നിയമനം കിട്ടിയ സ്ഥലത്തുതന്നെ വിരമിക്കുന്നതുവരെ ജോലി ചെയ്യേണ്ട അവസ്ഥയാണ്.
സഹകരണ ജീവനക്കാര്‍ക്കു മാത്രമായി ഒരു എച്ച്.ആര്‍. നയം രൂപവത്കരിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് എടുത്തിരിക്കുന്നതെന്ന് കൃഷി, വിപണന മന്ത്രി കുരസല കണ്ണബാബു പറഞ്ഞു. പുതിയ സംവിധാനം ജീവനക്കാര്‍ക്കു ഏറെ ഗുണം ചെയ്യും. മാത്രവുമല്ല, സഹകരണ മേഖലയുടെ ശുദ്ധീകരണത്തിനും ഇതു സഹായിക്കും. സഹകരണ മേഖലയെ ശക്തിപ്പെടുത്താനായി എല്ലാ സംഘങ്ങളിലും വിദഗ്ധരെ നിയമിക്കും – മന്ത്രി പറഞ്ഞു.
2,900 കോടി രൂപ ചെലവഴിച്ച് കാര്‍ഷിക സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ഓരോ ലോക്‌സഭാ മണ്ഡലത്തിലും ഒരു സംസ്‌കരണ യൂണിറ്റെങ്കിലും ഉണ്ടാകും. ഈയാവശ്യത്തിലേക്കായി 1,300 കോടി രൂപ ധനസഹായം നല്‍കാന്‍ നബാര്‍ഡ് സമ്മതിച്ചിട്ടുണ്ട്.
[mbzshare]