ആദായനികുതി സെക്ഷൻ 80 പി. വിഷയത്തിലുള്ള ലേഖനം ഇന്നുമുതൽ..

[mbzauthor]

ആദായനികുതി സെക്ഷൻ 80 പി. വിഷയത്തിൽ വിശദമായ ഒരു വിവരണം ആണ് ഈ ലേഖനപരമ്പരയിലൂടെ മൂന്നാംവഴി ലക്ഷ്യമിടുന്നത്. പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ശിവദാസ് ചേറ്റൂർ ആണ് ഈ ലേഖനം കൈകാര്യം ചെയ്യുന്നത്. ഇന്നത്തെ ലേഖനത്തിൽ 80 പി യുടെ ആമുഖമാണ് പ്രതിപാദിക്കുന്നത്.

(ശിവദാസ് ചേറ്റൂർ)

ആമുഖം:-
കേരളത്തിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ( പാക്സ്) സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന ആദായ നികുതി നിയമത്തിലെ വകുപ്പ് ഏതാണെന്നു ചോദിച്ചാൽ ഉത്തരം 80P തന്നെ എന്ന് നിസ്സംശയം പറയാം. സംഘാംഗങ്ങൾക്ക് കൊടുക്കുന്ന വായ്പ്പയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് സെക്ഷൻ 80 P വകുപ്പനുസരിച്ച് ആദായനികുതി കൊടുക്കേണ്ടതില്ല. അതുകൊണ്ടുതന്നെ സെക്ഷൻ 80 (P ) യെ കുറിച് ആഴത്തിലുള്ളതും വിമർശനാത്മകവുമായ ഒരു പഠനമാണ് ഈ ലേഖനത്തിന്റെ പ്രധാന ഉദ്ദേശ്യം.

1962 ൽ ആദായനികുതി നിയമം പ്രാബല്യത്തിൽ വന്ന കാലം മുതൽ തന്നെ പാക്സിന് മേല്പറഞ്ഞ ആദായനികുതി ഇളവുകൾ ലഭിച്ചിരുന്നു. സെക്ഷൻ 80 (പി) അനുസരിച്ചുള്ള ഈ ഇളവ് 1968 മുതലേ പാക്സ് അനുഭവിച്ചുവന്നിരുന്നു. അതിനുമുൻപ് 1962 മുതൽ 1968 വരെ സെക്ഷൻ 81 അനുസരിച്ച നികുതി ഇളവുകൾ ഉണ്ടായിരുന്നു . എന്നാൽ 01 -04 -2007 മുതൽ ” കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് ” 80 P യുടെ നികുതി ഇളവുകൾ നിഷേധിച്ചുകൊണ്ടുള്ള ഭേദഗതി പാർലമെന്റ് പാസ്സാക്കി. സെക്ഷൻ 80P യുടെ ഉപവകുപ്പ് അല്ലെങ്കിൽ സബ് സെക്ഷൻ (4 )ൽ ആണ് ഭേദഗതി വരുത്തിയത്. എന്നാൽ പാക്സിനെ ഈ ഭേദഗതിയിൽ നിന്നും ഒഴിവാക്കിയിരുന്നു. അതായത് 80P യുടെ ആനുകൂല്യങ്ങൾ പാക്സിന് തുടർന്നും ലഭിക്കുമെന്ന് 80P (4 ) ൽ തന്നെ പാർലമെന്റ് വ്യക്തമാക്കിയിരുന്നു.

2. എന്താണ് പ്രശ്നം ?

അങ്ങനെയെങ്കിൽ പാക്സിന് എന്താ പ്രശ്നം ? നികുതി ആനുകൂല്യങ്ങൾ തുടരും എന്ന് തന്നെയല്ലേ 80P (4) വകുപ്പിൽ പറയുന്നത്? എന്നാൽ ഏറെക്കാലമായി ഈ സെക്ഷൻ 80 (P ) യുടെ സബ് സെക്ഷൻ (4) ന്റെ പ്രേതം സഹകരണസംഘങ്ങളെ, പ്രത്യേകിച്ച് ‘സർവീസ് സഹകരണ ബാങ്കുകൾ’ എന്ന് പൊതുവെ അറിയപ്പെടുന്ന പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങ(പാക്സ്-PACS)ളെ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തുവരുന്നു — ശരിക്കും ഒരു വില്ലന്റെ രൂപത്തിൽ !!

പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ( പാക്സ്) നികുതിയിൽ നിന്നും ഒഴിവാക്കാം എന്ന് ആദായനികുതി വകുപ്പ് ഉറപ്പിച്ച പറയുന്നുമുണ്ട്. ഒരേ ഒരു നിബന്ധന മാത്രം- നിങ്ങൾ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ ( പാക്സ്) തന്നെ ആവണം. നിങ്ങൾ കൊടുക്കുന്ന വായ്പ പ്രധാനമായും കൂടുതലായും കാർഷിക ആവശ്യങ്ങൾക്കായിരിക്കണം. എന്നാൽ നിങ്ങൾ കൊടുക്കുന്ന വായ്പകൾ കൂടുതലും പ്രധാനമായും കാർഷികേതര ആവശ്യങ്ങൾക്കല്ലേ എന്നാണ് ആദായനികുതി വകുപ്പ് ചോദിക്കുന്നത്. പലരുടെയും ബാലൻസ് ഷീറ്റ് പരിശോധിക്കുമ്പോൾ 10 ശതമാനത്തിൽ താഴെ മാത്രമാണ് കാർഷിക വായ്പകൾ കൊടുത്തിരിക്കുന്നത്. അങ്ങനെയെങ്കിൽ നിങ്ങളെ എങ്ങനെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ ( പാക്സ്) എന്ന് വിളിക്കും? നിങ്ങൾ ചെയ്യുന്ന പ്രവൃർത്തികൾക്ക് നിങ്ങളുടെ പേരുമായി ഒരു ബന്ധവും കാണുന്നില്ല എന്ന് ആദായനികുതി വകുപ്പ് സമർത്ഥിക്കുന്നു. അതുകൊണ്ട് പേരുമാത്രം പാക്സ് ആയതുകൊണ്ട് കാര്യമില്ല.

ഈ സാഹചര്യത്തിൽ പാക്സിനും മറ്റു സംഘങ്ങൾക്കും ആദ്യം മുതലേ നല്കിവന്നിരുന്ന സെക്ഷൻ 80 (P) അനുസരിച്ചുള്ള ഈ ഇളവ് അഥവാ കിഴിവ് ഫൈനാൻസ് ആക്ട് 2006 ലെ സെക്ഷൻ 80 (P) സബ് സെക്ഷൻ (4) പ്രാബല്യത്തിൽ വന്ന 01-04-2007 മുതൽ ആദായനികുതി വകുപ്പ് പിൻവലിച്ചു. അതിനാൽ, പാക്സിന്റെ ലാഭത്തിന്മേൽ ആദായ നികുതി വകുപ്പ് നികുതി ആവശ്യപ്പെട്ടു തുടങ്ങി.

3. ചിറക്കൽ സർവീസ് സഹകരണ ബാങ്കിന്റെ വിധി

ഈ നികുതി ചുമത്തലിനെതിരെ ഉയർത്തിയ പ്രതിരോധത്തിന്റെ പ്രാഥമിക ഘട്ടത്തിൽ അതിന്റെ ഫലം പാക്സിന് അനുകൂലമാവുകയും CHIRAKKAL SERVICE COOPERATIVE BANK LTD v CIT [2016] 384 ITR 490 (KER ) എന്ന കേസിൽ ബഹു: ഹൈക്കോടതിയുടെ ഒരു ഡിവിഷൻ ബെഞ്ച് പാക്സിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ലാഭത്തിനു കിഴിവ് അനുവദനീയമാണെന്ന് വിധിക്കുകയും ചെയ്തു. കിഴിവ് ലഭിക്കുന്നതിന് ഒരേയൊരു നിബന്ധന അത് കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമം (1969) അനുസരിച്ച് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ റെജിസ്ട്രാർ പാക്സ് ആയി തരം തിരിച്ചതായിരിക്കണമെന്നത് മാത്രമാണ്.

4. മാവിലായിൽ സർവീസ് സഹകരണ ബാങ്കിന്റെ ഫുൾ ബെഞ്ച് വിധി

പക്ഷെ ഇപ്പറഞ്ഞ അനുകൂല തീരുമാനത്തിന് അൽപായുസ്സായിരുന്നു. ആദായ നികുതി വകുപ്പ് വെറുതെയിരുന്നില്ല; വളരെ പ്പെട്ടെന്നു തന്നെ അവർ ബഹു: ഹൈക്കോടതിയുടെ ഒരു ഫുൾ ബെഞ്ചിനുമുമ്പാകെ ചിറക്കൽ കേസിൽ ഒരു പുനർവിചിന്തനം ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ, പാക്സിന് കനത്ത ആഘാതമേല്പിച്ചുകൊണ്ട് ബഹു:ഫുൾ ബെഞ്ച് CIT v Mavilayil service cooperative bank Ltd 2019) 414 ITR 67 (Ker-FB) എന്ന കേസിൽ പാക്സിനെതിരെ തീരുമാനമെടുക്കുകയും, ചിറക്കൽ കേസി’ലെ വിധി തെറ്റാണെന്നു തീർപ്പാക്കുകയും ചെയ്തു. മേൽപ്പറഞ്ഞ ‘മാവിലായിൽ സർവീസ് സഹകരണ ബാങ്ക്’ കേസിലെ ബഹു: ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിധിക്കുശേഷം പാക്സിനെതിരെ വമ്പൻ നികുതിചുമത്തലിന് എല്ലാ സന്നാഹങ്ങളുമൊരുക്കുകയാണ്ആദായ നികുതി വകുപ്പ്. മാവിലായിൽ കേസ് ആദായ നികുതി വകുപ്പിന് കൂടുതൽ കരുത്തും ഊർജവും പകർന്നു.

5. പാക്സ് സുപ്രീം കോടതിയിൽ

ചില പാക്സുകൾ മാവിലായിൽ കേസിലെ ഫുൾ ബെഞ്ച് വിധിക്കെതിരെ ബഹു: സുപ്രീം കോടതിയെ സമീപിച്ചു എന്നത് ശ്രദ്ധിക്കുമല്ലോ. ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരം സ്പെഷ്യൽ ലീവ് പെറ്റിഷൻസ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തു. ബഹു: ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാൻ ബഹു: റോഹിങ്ടൺ ഫാലി നരിമാൻ, ബഹു: സൂര്യ കാന്ത് എന്നീ ജഡ്ജിമാർ 16-9-2019ന് ചില പാക്സുകൾക്ക് അനുമതി നൽകി. ഇപ്രകാരം, സെക്ഷൻ 80(പി) പ്രകാരമുള്ള കിഴിവിന്റെ കാര്യം ഇപ്പോൾ രാജ്യത്തെ പരമോന്നത കോടതിക്കുമുമ്പാകെ നിൽക്കുകയാണ്. കോടതി തീർപ്പാക്കുന്നതുവരെ ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരും.

6. ഇനിയെന്ത്?

മാവിലായിൽ കേസിന് സ്റ്റേ (stay) ഇല്ലാത്തതിനാൽ പാക്സിനെതിരെ കടുത്ത നടപടികൾ എടുക്കുന്നതിനു വകുപ്പിന് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. പാക്സിന്റെ സെക്രട്ടറിമാർക്കും പ്രസിഡന്റുമാർക്കും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചേക്കാവുന്ന തരത്തിൽ അവർ പാക്സിനെതിരെ നികുതിനിർണയ നോട്ടീസുകൾ അയച്ചു തുടങ്ങി.

ഇത്തരമൊരു ആപൽഭീതിയുടെ പശ്ചാത്തലത്തിൽ നിയമവശങ്ങളെക്കുറിച്ച് അവബോധമുണ്ടാവുന്ന തരത്തിൽ സെക്ഷൻ 80 (പി) യെക്കുറിച്ച് വിശദമായ ഒരു വിശകലനം നടത്തുന്നത് ഉചിതമായിരിക്കുമെന്നു ഞാൻ കരുതുന്നു . ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും കോടതികൾ നേരത്തെത്തന്നെ തീർപ്പാക്കിയ വിധികളുടേയും മറ്റും പിൻബലത്തോടെ എന്റെ അഭിപ്രായങ്ങൾ ഈ കാര്യത്തിൽ നിരത്താൻ ഞാൻ ശ്രമിക്കാം. ബാങ്കിങ് രംഗത്തെ വിദഗ്ദ്ധരുടെ വിലപ്പെട്ട അഭിപ്രായങ്ങളും ഞാൻ ഈ അവസരത്തിൽ ഇവിടെ പ്രതിപാദിക്കാം.
തുടരും………
SIVADAS CHETTOOR BCOM FCA LLM
9447137057
[email protected]

 

 

[mbzshare]

Leave a Reply

Your email address will not be published.