ആദായനികുതി സെക്ഷൻ 80(പി) വിഷയത്തിൽ ലേഖനം തുടരുന്നു.

adminmoonam

ആദായനികുതി സെക്‌ഷൻ 80 (പി) വിഷയത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ശിവദാസ് ചേറ്റൂരിന്റെ ലേഖന ഭാഗം പതിമൂന്ന്.

84. കമ്മിഷണർ പാസ്സാക്കിയ ഉത്തരവിനെ കുറിച് കഴിഞ്ഞ ലക്കത്തിൽ പറഞ്ഞിരുന്നു. വെറും റെജിസ്ട്രാറുടെ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പാക്സിനെ പ്രാഥമിക കാർഷിക സഹകരണ ബാങ്ക് ആണെന്ന് പറയാൻ കഴിയില്ലെന്നും അതിനാൽ ഒരു വിശദമായ അന്വേഷണം ഈ കാര്യത്തിൽ അനിവാര്യമാണെന്നും കമ്മിഷണർ പറഞ്ഞിരുന്നു. അതിനാൽ വിശദമായി അന്വേഷണം നടത്തിയ ശേഷം പാക്‌സ് തന്നെയാണെന്ന് കണ്ടെത്തിയ ശേഷം മാത്രമേ 80P യുടെ അനുകുല്യത്തെ പെരിന്തൽമണ്ണ ബാങ്കിന് കൊടുക്കാൻ പാടുള്ളു എന്നാണല്ലോ കമ്മീഷണറുടെ ഉത്തരവ്.

85. മേല്പറഞ്ഞ കമ്മീഷണറുടെ ഉത്തരവിനെ പെരിന്തൽമണ്ണ ബാങ്ക് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് മുമ്പാകെ ചോദ്യം ചെയ്തു. എന്നാൽ വെറും റെജിസ്ട്രാറുടെ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പാക്സിനെ പ്രാഥമിക കാർഷിക സഹകരണ ബാങ്ക് ആണെന്ന് പറയാൻ കഴിയില്ലെന്നും അതിനാൽ ഒരു വിശദമായ അന്വേഷണം ഈ കാര്യത്തിൽ അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതിനാൽ പെരിന്തൽമണ്ണ ബാങ്ക് പാക് തന്നെ ആന്നോ അല്ലയോ എന്ന് വിശദമായി അന്വേഷിച്ച തീരുമാനിക്കാൻ കോടതി ആദായ നികുതി ആഫീസർക്കു നിർദ്ദേശം നൽകി കേസ് ഉത്തരവായി.

86. നമ്മളെ സംബന്ധിച്ചിടത്തോളം ഒരു കാര്യം എടുത്തു പറയാതെ വയ്യ. പെരിന്തൽമണ്ണ കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ച് അതിനു മുമ്പ് വേറൊരു ഡിവിഷൻ ബെഞ്ച് ചിറക്കൽ ബാങ്കിന്റെ കേസിൽ പുറപ്പെടുവിച്ച വിധിയെ കുറിച്ച ഒന്നും പറഞ്ഞില്ല. ഒരു പക്ഷെ ചിറക്കൽ ബാങ്കിന്റെ വിധി കോടതിയുടെ ശ്രദ്ധയിൽ കൊണ്ട് വന്നില്ല എന്നതാവാം വാസ്തവം. എന്ത് തന്നെയായാലും പെരിന്തൽമണ്ണ ബാങ്കിന്റെ വിധി നമ്മുടെ സഹകരണ ബാങ്കുകൾക്ക് ഒരു വലിയ തിരിച്ചടി ആയെന്നു പറയാതെ വയ്യ.

87. ചിറക്കൽ വിധിയും പെരിന്തൽമണ്ണ വിധിയും പരസ്പര വിരുദ്ദമാണോ എന്നതാണ് പ്രധാന വിഷയം. ചിറക്കൽ കേസിൽ രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ തന്നെ പാക്‌സ് ആയി അംഗീകരിക്കാം എന്ന് കോടതി പറഞ്ഞു. എന്നാൽ പെരിന്തൽമണ്ണ കേസിൽ വിശദമായ അനേഷണം നടത്തി പാക്സ് തന്നെയാണെന്ന് ഉറപ്പു വരുത്താൻ കോടതി ഉത്തരവിട്ടു. ചിറക്കൽ കേസിൽ അന്വേഷണം ഒന്നും തന്നെ ആവശ്യമില്ല എന്നാൽ പെരിന്തൽമണ്ണ കേസിൽ അന്വേഷണം ആവശ്യമാണുതാനും. അതിനാൽ രണ്ടു വിധികളും പരസ്പരവിരുദ്ധമാണെന്നു പറയാം.

88. ഇതിനിടയിൽ അണിയറയിൽ സംഭവിച്ച ചില രസകരമായ കാര്യങ്ങൾ കൂടി പറയാം. ചിറക്കൽ കേസിലെ വിധി വകുപ്പിന് എതിരായിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. ചിറക്കൽ കേസിന്റെ വിധി ആദായനികുതി വകുപ്പ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത SLP ഫയൽ ചെയ്തു. എന്നാൽ SLP ഫയൽ ചെയ്യാനുള്ള സമയപരിധി കഴിഞ്ഞിരുന്നു. അതിനാൽ സുപ്രീം കോടതി ആദായനികുതി വകുപ്പിന്റെ SLP തള്ളിക്കളഞ്ഞു.

89. ചിറക്കൽ വിധി എന്നെന്നേക്കുമായി നിലനിൽക്കുമെന്ന് ആദായനികുതി വകുപ്പ് ഭയപ്പെട്ടുകാണണം. ഗത്യന്തരമില്ലാതെ അവർ ഒരു വഴി കണ്ടു പിടിച്ചു. ചിറക്കൽ കേസിന്റെ വാദം കോടതി കേൾക്കുമ്പോൾ പെരിന്തൽമണ്ണ കേസിന്റെ വിധി ബഹു: കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നില്ലെന്നും അതിനാൽ രണ്ടു വിധികളും പരസ്പരവിരുദ്ധമായെന്നും ഉള്ള വാദഗതികൾ നിരത്തികൊണ്ടു ചിറക്കൽ വിധി ശെരിയാണോ തെറ്റാണോ എന്ന വിഷയം കോടതിയുടെ ഫുൾ ബെഞ്ച് കേൾക്കണം എന്നൊരു അഭ്യർത്ഥന കോടതി മുമ്പാകെ വെക്കുകയും കോടതി ആ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ട് വിഷയം ഫുൾ ബെഞ്ചിന്റെ പരിഗണനക്ക് വിടുകയും ചെയ്തു. അങ്ങനെയാണ് മാവിലയിൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ കേസ് 3 ജഡ്ജിമാർ ഇരിക്കുന്ന ഫുൾ ബെഞ്ച് മുമ്പാകെ വന്നത്.

മാവിലയിൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ കേസ് അടുത്ത ലക്കത്തിൽ വിശദമായി ചർച്ച ചെയ്യാം.
തുടരും…

Leave a Reply

Your email address will not be published. Required fields are marked *

Latest News