അര്‍ബന്‍ ബാങ്കുകളുടെ സാമ്പത്തികഭദ്രത: മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് പുതുക്കി

moonamvazhi

അര്‍ബന്‍ സഹകരണ ബാങ്കുകളെ ( UCB ) സാമ്പത്തികഭദ്രതയുള്ളതും നന്നായി കൈകാര്യം ചെയ്യുന്നതുമായ ( Financially Sound and Well Managed- FSWM ) സ്ഥാപനങ്ങളായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് പുതുക്കി നിശ്ചയിച്ചു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണനിര്‍ദേശങ്ങളും മാര്‍ഗരേഖകളും ലംഘിച്ചതിന്റെ പേരില്‍ അവസാനത്തെ രണ്ടു സാമ്പത്തികവര്‍ഷങ്ങളില്‍ അര്‍ബന്‍ ബാങ്കുകള്‍ക്കെതിരെ പിഴ ചുമത്തിയിട്ടുണ്ടാവരുത് എന്നതാണ് മുഖ്യ മാനദണ്ഡങ്ങളിലൊന്ന്. പുതുക്കിയ മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് ഉടനടി പ്രാബല്യത്തില്‍ വരുത്തി.

കുറഞ്ഞ മൂലധന പര്യാപ്തതയ്ക്കും ( CRAR ) മുകളില്‍ ചുരുങ്ങിയത് ഒരു ശതമാനമെങ്കിലും CRAR  ഉണ്ടെങ്കിലേ ആ ബാങ്കിനെ FSWM ഗണത്തില്‍പ്പെട്ട അര്‍ബന്‍ ബാങ്കായി ഇനി പരിഗണിക്കുകയുള്ളു. നിഷ്‌ക്രിയ ആസ്തിയാകട്ടെ മൂന്നു ശതമാനത്തിലും താഴെയായിരിക്കണം. നടപ്പു സാമ്പത്തികവര്‍ഷത്തിനു തൊട്ടുമുമ്പുള്ള നാലു വര്‍ഷങ്ങളില്‍ മൂന്നിലും ബാങ്കിന് അറ്റലാഭമുണ്ടായിരിക്കണം. എന്നാല്‍, നടപ്പുസാമ്പത്തികവര്‍ഷത്തിനു തൊട്ടുമുമ്പത്തെ വര്‍ഷം അറ്റനഷ്ടവുമുണ്ടാവരുത്. തൊട്ടുമുമ്പത്തെ സാമ്പത്തികവര്‍ഷം കരുതല്‍ ധനാനുപാതം /  സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ നിലനിര്‍ത്തുന്നതില്‍ വീഴ്ചയുണ്ടായിരിക്കരുത്. ബാങ്കിനു നല്ല ആഭ്യന്തര നിയന്ത്രണസംവിധാനമുണ്ടായിരിക്കണം. കോര്‍ബാങ്കിങ്  സൊലൂഷന്‍ ( CBS )  പൂര്‍ണമായി നടപ്പാക്കിയിരിക്കണം. കുറഞ്ഞതു രണ്ടു പ്രൊഫഷണല്‍ ഡയരക്ടര്‍മാരെങ്കിലും ഭരണസമിതിയില്‍ അംഗങ്ങളായിരിക്കണം.

റിസര്‍വ് ബാങ്ക് ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടിന്റെയോ ഓഡിറ്റ് ചെയ്ത ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റിന്റെയോ അടിസ്ഥാനത്തില്‍ പുതുക്കിയ മാനദണ്ഡങ്ങളെല്ലാമുണ്ടെന്നു ബോധ്യപ്പെട്ടാല്‍ അതതു അര്‍ബന്‍ ബാങ്കിനുതന്നെ സ്വയം FSWM  ബാങ്കായി പരിഗണിക്കാമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നു. അര്‍ബന്‍ ബാങ്ക് ഭരണസമിതി ഇക്കാര്യം പരിശോധിച്ച് പ്രമേയം അംഗീകരിച്ച് റിസര്‍വ് ബാങ്കിന്റെ റീജ്യണല്‍ ഓഫീസിനെ അറിയിക്കണം. പ്രമേയം പാസാക്കി 15 കലണ്ടര്‍ദിനത്തിനുള്ളില്‍ ഇതു ചെയ്തിരിക്കണം. ഓഡിറ്റ് റിപ്പോര്‍ട്ടും ആര്‍.ബി.ഐ. ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടും കിട്ടിക്കഴിഞ്ഞാല്‍ ഓരോ വര്‍ഷവും അര്‍ബന്‍ ബാങ്ക് ഭരണസമിതി FSWM മാനദണ്ഡങ്ങള്‍ പുനരവലോകനം ചെയ്യേണ്ടതാണെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News