അമ്മയ്ക്കും മകനും ആദരവിന്റെ പൊന്നാട ചാര്‍ത്തി കേരള ബാങ്ക്
എടുത്ത വായ്പ മുഴുവന്‍ മുടക്കമില്ലാതെ അടച്ചുതീര്‍ത്തതിന്റെകൂടി മികവിലാണ് കോട്ടപ്പടി ചിറങ്ങര വീട്ടില്‍ സിന്ധു സാബുവിനെ കേരള ബാങ്ക് കോട്ടപ്പടി ശാഖയിലെ മികച്ച ഇടപാടുകാരിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞദിവസം ബാങ്ക് സംഘടിപ്പിച്ച ചടങ്ങില്‍ സിന്ധുവിനെ ആദരിക്കാനെത്തിയത് കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍കൂടിയായ മകന്‍ സന്തു. ഇതേ ബാങ്ക് ശാഖയില്‍നിന്നെടുത്ത പഠനവായ്പയുടെ സഹായത്താലാണ് സന്തു എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്.
മികച്ച ഇടപാടുകാരെ ആദരിക്കുന്ന ചടങ്ങിലേക്ക് നാട്ടുകാരനായ യുവ ഡോക്ടറെ ക്ഷണിച്ചപ്പോള്‍ പരിപാടിക്ക് ഇത്രയും അപൂര്‍വത കൈവരുമെന്ന് സംഘാടകരും പ്രതീക്ഷിച്ചില്ല. ബാങ്ക് തെരഞ്ഞെടുത്ത മികച്ച അഞ്ച് ഇടപാടുകാരുടെ കൂട്ടത്തില്‍ അമ്മയെ കണ്ടപ്പോള്‍ ഡോ. സന്തുവിനും സന്തോഷം. അമ്മയുള്‍പ്പെടെ അഞ്ചുപേരെയും അദ്ദേഹം പൊന്നാടയണിയിച്ചു. അമ്മയ്ക്ക് സ്നേഹാശ്ലേഷവും സമ്മാനിച്ചു. ഏഴുവര്‍ഷംമുമ്പ് സന്തുവിന്റെ എംബിബിഎസ് പഠനാവശ്യത്തിന് എടുത്ത വിദ്യാഭ്യാസവായ്പയുടെ തിരിച്ചടവാണ് സിന്ധുവിനെ ആ വേദിയില്‍ എത്തിച്ചത്. അന്നുലഭിച്ച വായ്പയുടെ സഹായത്താല്‍ സന്തു മികച്ചനിലയില്‍ പഠനം പൂര്‍ത്തിയാക്കി. ഇരുവര്‍ക്കും ബാങ്ക് നല്‍കിയ ആദരംകൂടിയായി ചടങ്ങ്.
2016ലാണ് സന്തുവിന്റെ പഠനാവശ്യത്തിന് സിന്ധു 15 ലക്ഷം രൂപയുടെ വിദ്യാഭ്യാസവായ്പ എടുത്തത്. പ്രളയവും കോവിഡുമൊക്കെ പ്രയാസമുണ്ടാക്കിയെങ്കിലും മുടക്കമില്ലാതെ വായ്പ അടച്ചുതീര്‍ത്തു. കോട്ടപ്പടിയില്‍ ലേഡി ബെല്‍ എന്ന കച്ചവടസ്ഥാപനം നടത്തുന്നുണ്ട്. കര്‍ഷകനായിരുന്ന ഭര്‍ത്താവ് സാബു മൂന്നുവര്‍ഷംമുമ്പ് മരിച്ചു. ഡോ. സന്തുവും ഭാര്യ ഡോ. അതുലയും കേരള ബാങ്കിന്റെയും സഹകരണമേഖലയിലെയും സജീവ ഇടപാടുകാരാണ്.