അതിജീവന മാര്‍ഗങ്ങള്‍ക്ക് അമാന്തം പാടില്ല
ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കേരളത്തിലെ സഹകരണ മേഖല കടന്നുപോകുന്നത്. പ്രത്യേകിച്ച് പ്രാഥമിക വായ്പാ സംഘങ്ങള്‍. ആവര്‍ത്തിച്ചുണ്ടായ പ്രളയവും പിന്നാലെ എത്തിയ കോവിഡ് മഹാമാരിയും കേരളത്തിലെ സാമ്പത്തിക രംഗം കശക്കിയെറിഞ്ഞിട്ടുണ്ട്. പലര്‍ക്കും തൊഴില്‍ നഷ്ടമായി. പുതിയ തൊഴിലവസരങ്ങള്‍ കുറഞ്ഞു. ജനങ്ങളുടെ വരുമാനം ഇടിഞ്ഞു. ഇതിനൊപ്പം, അനന്തമായി നീളുന്ന മൊറട്ടോറിയം സഹകരണ ബാങ്കുകളിലെ വായ്പാതിരിച്ചടവ് തീരെ ഇല്ലാതാക്കി. ശമ്പളത്തിനും അടിസ്ഥാനച്ചെലവിനുംപോലും വരുമാനമില്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ പ്രാഥമിക വായ്പാ സഹകരണ രംഗം. ഇതിന് പരിഹാരമായി കുറുക്കുവഴികളൊന്നുമില്ല. ജനങ്ങളില്‍ വരുമാനമെത്താതെ വായ്പാതിരിച്ചടവ് പഴയ നിലയിലേക്ക് തിരിച്ചുവരില്ല. സാമ്പത്തിക പ്രതിസന്ധിയുടെ ഗൗരവം അംഗീകരിച്ചുകൊണ്ട്് അതിജീവനത്തിന് എന്തുവഴി എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്.
കോവിഡ് വ്യാപനം വ്യാപാര-വാണിജ്യ മേഖലയിലെല്ലാം തിരിച്ചടിയുണ്ടാക്കിയപ്പോഴും കാര്‍ഷിക മേഖലയില്‍ നേട്ടമുണ്ടായിട്ടുണ്ട്. ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് നീങ്ങാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിലെല്ലാം സഹകരണ സംഘങ്ങളെ മുഖ്യ പങ്കാളിയാക്കിയിട്ടുമുണ്ട്. ഈ സാധ്യത മുതലെടുത്ത് കാര്‍ഷിക അനുബന്ധ മേഖലയില്‍ കാര്യക്ഷമമായി ഇടപെട്ട് തൊഴിലവസരവും വരുമാന സാധ്യതയുമുണ്ടാക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിയണം. വായ്പയെ പദ്ധതികള്‍ക്കുള്ള പണമാക്കുകയും തിരിച്ചടവ് ആ പദ്ധതിയിലെ വരുമാനത്തില്‍നിന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയിലേക്ക് സംഘങ്ങളുടെ പ്രവര്‍ത്തനം മാറ്റാനായിട്ടില്ലെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കുക പ്രയാസമാകും.
സഹകരണ മേഖലയില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ കാലികമായി വിലയിരുത്തേണ്ടതുണ്ട്. അനന്തമായി മൊറട്ടോറിയം പ്രഖ്യാപിക്കുന്ന രീതി അവസാനിപ്പിക്കേണ്ടതാണ്. വാണിജ്യ ബാങ്കുകളില്‍ മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് വാണിജ്യ ബാങ്കുകളുടെ കൂട്ടായ്മയായ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. അത്തരമൊരു പരിഷ്‌കാരം സഹകരണ ബാങ്കിങ് മേഖലയിലും ഉണ്ടാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഏകപക്ഷീയമായി മൊറട്ടോറിയം പ്രഖ്യാപിക്കുന്ന രീതി അവസാനിപ്പിക്കേണ്ടതാണ്. മൂന്നു വര്‍ഷമായി നിര്‍ത്തിയും തുടര്‍ന്നും സഹകരണ മേഖലയില്‍ മൊറട്ടോറിയം നിലനില്‍ക്കുന്നുണ്ട്. ഇതാണ് കോവിഡ് കാലത്തോടെ സഹകരണ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്. ഇടപാടുകാരുടെ സാമ്പത്തിക-സാമൂഹിക സ്ഥിതി വിലയിരുത്തി മൊറട്ടോറിയവും ഇളവും നല്‍കാനുള്ള സാഹചര്യമാണ് ഇതുപോലുള്ള ഘട്ടത്തില്‍ സഹകരണ മേഖലയില്‍ ഒരുക്കേണ്ടത്. തുറന്ന ചര്‍ച്ചയും ഭാവി മുന്‍നിര്‍ത്തിയുള്ള പരിശോധനയും നടത്തിയാണ് അതിജീവനത്തിനുള്ള വഴി നിര്‍ണയിക്കേണ്ടത്. അതിന് ഇനിയും അമാന്തം പാടില്ല.
ഈ ലക്കത്തോടെ ‘ മൂന്നാംവഴി ‘ വിജയകരമായ മൂന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഞങ്ങളോട് എന്നും സഹകരിക്കുന്ന മാന്യ വരിക്കാര്‍ക്കും വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പരസ്യദാതാക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി.
– എഡിറ്റര്‍
[mbzshare]