അടുത്ത മാര്‍ച്ചോടെ 65,000 സംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കും- നബാര്‍ഡ് ചെയര്‍മാന്‍

moonamvazhi

സഹകരണസംഘങ്ങളുടെ സുതാര്യതയും കാര്യശേഷിയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ 65,000 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ 2024 മാര്‍ച്ചോടെ കമ്പ്യൂട്ടര്‍വത്കരിക്കുമെന്നു നബാര്‍ഡ് ( കാര്‍ഷിക, ഗ്രാമവികസനത്തിനായുള്ള ദേശീയ ബാങ്ക് ) ചെയര്‍മാന്‍ ഷാജി കെ.വി. ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കമ്പ്യൂട്ടര്‍വത്കരണത്തിന്റെ പ്രോജക്ട് മാനേജര്‍ നബാര്‍ഡാണ്. ദേശീയതലത്തിലുള്ള നിരീക്ഷണസമിതിയുടെയും നടപ്പാക്കല്‍ സമിതിയുടെയും കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെയും മാര്‍ഗനിര്‍ദേശത്തിലായിരിക്കും കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കുക.

ഇതുവരെ പതിനായിരത്തോളം സഹകരണസംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞു. 65,000 എണ്ണം വരുന്ന മാര്‍ച്ചോടെ ഇതു പൂര്‍ത്തിയാക്കും- നബാര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. സംഘങ്ങളുടെ സുതാര്യതയും കാര്യശേഷിയും മെച്ചപ്പെടുത്തുകയാണു ലക്ഷ്യം. സഹകരണസംഘങ്ങള്‍ക്കും ഗ്രാമീണമേഖലയ്ക്കുമായി നബാര്‍ഡ് ഒരു ഡാറ്റ വേര്‍ഹൗസ് സ്ഥാപിക്കുന്നുണ്ട്. ആറു മാസത്തിനകം ഇതു നടപ്പാക്കും. സംഘങ്ങള്‍ക്കും വായ്പക്കാര്‍ക്കും ഈ ഡാറ്റ ഉപയോഗപ്പെടുത്താനാകും- അദ്ദേഹം പറഞ്ഞു. മൈക്രോഫിനാന്‍സ് രംഗത്തു മേഖലാടിസ്ഥാനത്തില്‍ അസന്തുലിതാവസ്ഥയുണ്ട്. രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ ബാങ്കിങ് ശക്തമാണ്. എന്നാല്‍, വടക്കും കിഴക്കും മുന്‍ഗണനാമേഖലയിലെ വായ്പ കുറവാണ്. ഇതു തിരുത്തേണ്ടതുണ്ട്- നബാര്‍ഡ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.