സഹകരണ സംഘങ്ങള്‍ക്കുള്ള പുരസ്‌കാരം നിര്‍ണയിക്കാന്‍ ഏഴംഗ സമിതി

moonamvazhi

സംസ്ഥാനത്തെ മികച്ച പ്രവര്‍ത്തനം നടത്തുന്ന സഹകരണ സംഘങ്ങളെ നിശ്ചയിക്കുന്നതിന് പുരസ്‌കാരണ നിര്‍ണയ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. സഹകരണ വകുപ്പ് സെക്രട്ടറി ചെയര്‍മാനായി ഏഴ് അംഗങ്ങളാണ് സമിതിയിലുള്ളത്. സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും 2021-22 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് ബെസ്റ്റ് പെര്‍ഫോമന്‍സ് പുരസ്‌കാരം നല്‍കുന്നത്.

ജില്ലകളില്‍നിന്നുള്ള നോമിനേഷനുകളാണ് സംസ്ഥാനതലത്തിലുള്ള പുരസ്‌കാര നിര്‍ണയ സമിതി പരിശോധിക്കുക. സഹകരണ സംഘം രജിസ്ട്രാര്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എന്നിവരാണ് സമിതിയിലെ ഔദ്യോഗിക അംഗങ്ങള്‍. കോട്ടയം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.എം. രാധാകൃഷ്ണന്‍, പാക്‌സ് അസോസിയേഷന്‍ പ്രതിനിധിയായ അഡ്വ.എ.പ്രതാപചന്ദ്രന്‍ എന്നിവരാണ് സമിതിയിലെ അനൗദ്യോഗിക അംഗങ്ങള്‍. സഹകരണ സംഘം അഡീഷ്ണല്‍ രജിസ്ട്രാര്‍ (ജനറല്‍) മെമ്പര്‍ സെക്രട്ടറിയാണ്.

അര്‍ബന്‍ ബാങ്ക്, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന് ബാങ്ക്, പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍, എംപ്ലോയീസ് സഹകരണ സംഘം, വിദ്യാഭ്യാസ സഹകരണ സംഘം, വനിത സഹകരണ സംഘം, പട്ടികജാതി-പട്ടികവര്‍ഗ സഹകരണ സംഘം, ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം, പലവക സഹകരണ സംഘങ്ങള്‍, മാര്‍ക്കറ്റിങ് സഹകരണ സംഘം എന്നിങ്ങനെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്ന വിഭാഗങ്ങള്‍. താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കാണ് സംഘങ്ങള്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കേണ്ടത്. ഇത് താലൂക്ക്-ജില്ലാതലങ്ങളില്‍ പരിശോധിച്ച ശേഷം തിരഞ്ഞെടുത്തവയാണ് സംസ്ഥാന തല സമിതിക്ക് കൈമാറുക. അതില്‍നിന്നാകും സമിതി മികച്ച സഹകരണ സംഘങ്ങളെ തിരഞ്ഞെടുക്കുക. ജൂലായ് ഒന്നിന് അന്താരാഷ്ട്ര സഹകരണ ദിനത്തിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News