സഹകരണ ബാങ്കുകളുടെ ഭവനവായ്പാ പരിധി റിസര്‍വ് ബാങ്ക് ഇരട്ടിയാക്കി
ടയര്‍ ഒന്നു നഗരങ്ങളിലെ അര്‍ബന്‍ ബാങ്കുകളുടെ ഭവനവായ്പാ പരിധി ഇപ്പോഴത്തെ 30 ലക്ഷത്തില്‍ നിന്നു 60 ലക്ഷം രൂപയാക്കി ഉയര്‍ത്തി. ടയര്‍ രണ്ട് നഗരങ്ങളിലെ ഭവനവായ്പാ പരിധി ഇപ്പോഴത്തെ 70 ലക്ഷം രൂപയില്‍ നിന്നു 1.4 കോടി രൂപയാക്കി. അതേസമയം, 100 കോടി രൂപയില്‍ താഴെ ആസ്തിയുള്ള ഗ്രാമീണ ബാങ്കുകളുടെ ഭവനവായ്പാ പരിധി 20 ലക്ഷം രൂപയില്‍ നിന്നു 50 ലക്ഷം രൂപയാക്കിയിട്ടുണ്ട്. മറ്റു ഗ്രാമീണ ബാങ്കുകളുടെ വായ്പാപരിധി 30 ലക്ഷത്തില്‍ നിന്നു 75 ലക്ഷം രൂപയുമാക്കിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ റിസര്‍വ് ബാങ്ക് പിന്നീടറിയിക്കും.
വീടു നിര്‍മാണച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണു റിസര്‍വ് ബാങ്ക് വായ്പാപരിധി കൂട്ടിയത്. ഗ്രാമീണ ബാങ്കുകളുടെ ഭവനവായ്പാ പരിധി 2009 ലും അര്‍ബന്‍ ബാങ്കുകളുടെ ഭവനവായ്പാ പരിധി 2011 ലുമാണ് ഇതിനു മുമ്പ് വര്‍ധിപ്പിച്ചത്.
ഗ്രാമീണ മേഖലയില്‍ ഭവന നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കമേഴ്‌സ്യല്‍ ഭവന നിര്‍മാതാക്കള്‍ക്കു സംസ്ഥാന സഹകരണ ബാങ്കുകളില്‍ നിന്നും ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളില്‍ നിന്നും ധനസഹായം അനുവദിക്കാനും റിസര്‍വ് ബാങ്ക് അനുമതി നല്‍കി.
റിപ്പോ നിരക്ക്
വീണ്ടും കൂട്ടി
അതേസമയം, ബുധനാഴ്ച റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ബാങ്കുകള്‍ക്കു നല്‍കുന്ന പണത്തിന്റെ പലിശനിരക്കായ റിപ്പോ നിരക്ക് 4.40 ശതമാനത്തില്‍ നിന്നു 4.90 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ഇതോടെ ബാങ്കുകള്‍ നല്‍കുന്ന ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് വര്‍ധിക്കും. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കൂടുമെന്നതാണ് ഈ നടപടിയിലെ ഏക ആശ്വാസം.