യു.എല്‍. ടെക്‌നോളജി സൊല്യൂഷന്‍സിന് എസ്രി ഇന്ത്യ പാര്‍ട്ട്ണര്‍ ഓഫ് ദ് ഇയര്‍’ അവാര്‍ഡ്
രാജ്യത്തെ ഏറ്റവും മികച്ച ജി.ഐ.എസ്. സൊല്യൂഷന്‍ ദാതാവിനുള്ള ഈ വര്‍ഷത്തെ ‘എസ്രി ഇന്ത്യ പാര്‍ട്ട്ണര്‍ ഓഫ് ദ് ഇയര്‍’ അവാര്‍ഡ് കോഴിക്കോട് ആസ്ഥാനമായ യു.എല്‍. ടെക്‌നോളജി സൊല്യൂഷന്‍സിന് ലഭിച്ചു. എസ്രി ഇന്ത്യ പാര്‍ട്ട്ണര്‍ കോണ്‍ഫറന്‍സ് 2021-ല്‍ യു.എല്‍.റ്റി.എസ്. സി.ഇ.ഒ. രവീന്ദ്രന്‍ കസ്തൂരി അവാര്‍ഡ് വെര്‍ച്വലായി ഏറ്റുവാങ്ങി.
വികസനപദ്ധതികളുടെ ആസൂത്രണത്തിനടക്കം ഉപയോഗിക്കുന്ന ഭൂസ്ഥാനീയവിവരസംവിധാനമാണു ജി.ഐ.എസ്.
കേരളസംസ്ഥാന വൈദ്യുതി ബോര്‍ഡ്, കേരള ജല അതോറിറ്റി എന്നിവയ്ക്കുവേണ്ടി വികസിപ്പിച്ച ജി.ഐ.എസ്. സൊല്യൂഷനുകളാണ് യു.എല്‍.റ്റി.എസിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ഈ സൊല്യൂഷനുകള്‍ രാജ്യത്തുതന്നെ ഇത്തരത്തില്‍ ആദ്യത്തേതാണ്.
അവാര്‍ഡ് സമ്മാനിച്ച എസ്രി (Esri) അമേരിക്ക ആസ്ഥാനമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന, ജി.ഐ.എസ്. രംഗത്തെ ഏറ്റവും പ്രാമാണികതയുള്ള, അന്താരാഷ്ട്രസ്ഥാപനമാണ്. തൃശ്ശൂരിലെ ആദായമില്ലാത്ത ജലവിനിയോഗം 50-ല്‍നിന്നു 15 ശതമാനമായി കുറയ്ക്കാന്‍ സഹായിച്ച സൊല്യൂഷന് ഇക്കണോമിക് ടൈംസിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു. ഭൂമിക്കടിയിലെ പൈപ്പുകളുടെ മാപ്പ് തയ്യാറാക്കാനും അതൊരു ജി.ഐ.എസ്. എന്റര്‍പ്രൈസസ് പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കാനും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (IoT) പ്രയോഗിച്ചു ജലദുര്‍വ്യയം കുറയ്ക്കാനും ഉള്ളതായിരുന്നു പദ്ധതി. ഇന്നു ജലമോഷണവും ചോര്‍ച്ചയും എന്‍ജിനീയര്‍മാര്‍ക്ക് പോര്‍ട്ടലിലൂടെ കണ്ടെത്തി തടായാനാകുന്നു.
മൂന്നു നഗരങ്ങളില്‍ മേല്‍നോട്ടനിയന്ത്രണത്തിനും സാങ്കേതികവിദ്യവഴി വിവരസമാഹരണത്തിനുമുള്ള (Supervisory control and automated data acquisition – SCADA) സംവിധാനം യു.എല്‍.റ്റി.എസിന്റെ സൊല്യൂഷന്‍ ഉപയോഗിച്ച് ആവിഷ്‌ക്കരിക്കുകയാണു വൈദ്യുതിബോര്‍ഡ് ചെയ്തത്. ഭൂസ്ഥാനീയവിവരങ്ങളെ സ്‌കാഡ സംവിധാനത്തിനു വേണ്ട രൂപത്തിലേക്കു പരിവര്‍ത്തിപ്പിക്കുന്ന ഇടനിലസോഫ്റ്റ്വെയറാണ് യു.എല്‍.റ്റി.എസ്. വികസിപ്പിച്ചുനല്കിയത്. ഈ നഗരങ്ങളിലെ ആശുപത്രിപോലെയുള്ള ജീവല്‍പ്രധാനമായ സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതിക്കു തടസമുണ്ടായാല്‍ നാനോസെക്കന്‍ഡിനുള്ളില്‍ മനസിലാക്കി ബദല്‍സംവിധാനത്തിലൂടെ വൈദ്യുതി ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുന്നു.
എസ്രിയുടെ സര്‍ട്ടിഫിക്കേഷനുള്ള 75 എന്‍ജിനീയര്‍മാര്‍ യു.എല്‍.റ്റി.എസിലെ ജി.ഐ.എസ്. വിഭാഗത്തില്‍ ഉള്ളതായി അതിന്റെ മേധാവി ജെയ്ക്ക് ജെ. ജേക്കബ് പറഞ്ഞു. വൈദ്യുതി ബോര്‍ഡിലേതിനു സമാനമായ പദ്ധതിക്ക് ഒറീസയില്‍നിന്ന് അന്വേഷണം വന്നതായും തൃശൂരിലേതിനു സമാനമായ ജലവിനിയോഗപദ്ധതി തിരുവനന്തപുരം നഗരത്തിലും നടപ്പാക്കാന്‍ ആലോചനയുള്ളതായും അദ്ദേഹം സൂചിപ്പിച്ചു.