യുവാക്കളെയും സംരംഭകരെയും സഹകരണ മേഖലയിലേക്ക് ആകർഷിക്കാൻ സഹകാർ കോ.ഓപ് ചാനലുമായി എൻ.സി.ഡി.സി.

adminmoonam

യുവാക്കളെയും സംരംഭകരെയും സഹകരണ മേഖലയിലേക്ക് ആകർഷിക്കാൻ സഹകാർ കോ.ഓപ് ചാനലുമായി എൻ.സി.ഡി.സി. പുതിയ സാഹചര്യത്തിൽ സഹകരണ മേഖലയുടെ സാധ്യതകൾ യുവാക്കളെയും സംരംഭകരെയും ബോധ്യപ്പെടുത്തുന്നതിനായി നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷൻ(NCDC) sahakar co.op എന്നപേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ചു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ യൂട്യൂബ് ചാനലിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചു. ഓൺലൈൻ വഴി ഒരേസമയം നിരവധി ഭാഷകളിൽ ആണ് ഓൺലൈൻ ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഒപ്പം ഒരു സഹകരണ സ്ഥാപനം എങ്ങനെ രൂപീകരിക്കാം എന്നത് സംബന്ധിച്ച് നിർദ്ദേശങ്ങളും ചാനലിൽ ലഭിക്കും. ഹിന്ദിക്ക് പുറമേ 18ഓളം പ്രാദേശിക ഭാഷകളിലും ചാനലിൽ നിർദേശങ്ങൾ ലഭിക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗ്രാമീണ ജനതയ്ക്ക് കൂടി സാമൂഹിക സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടാണ് എൻ സി ഡി സി സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയും അതിന്റെ സാധ്യതകളും ബോധ്യപ്പെടുത്തുന്ന രീതിയിൽ യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത്. കർഷകരുടെ സാമ്പത്തിക വികസനത്തിനും സാമൂഹിക പുരോഗതിക്കും സഹകരണസംഘങ്ങൾക്ക് വലിയ പ്രസക്തി ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിൽ കൂടിയാണ്, ഈ നീക്കം. കർഷകർക്ക് ചൂഷണം ഒഴിവാക്കി മെച്ചപ്പെട്ട ലാഭം ഉറപ്പാക്കാൻ സഹകരണസംഘങ്ങൾക്ക് സാധിക്കുമെന്ന് എൻ.സി.ഡി.സി വിലയിരുത്തുന്നു.

കാർഷിക മേഖലയിലും അനുബന്ധ പ്രവർത്തനങ്ങളിലും ബിസിനസ് പ്ലാൻ അടിസ്ഥാനമാക്കിയുള്ള ആവാസവ്യവസ്ഥ രൂപീകരിക്കുന്നതിനും വിവിധ പദ്ധതികളാണ് എൻ സി ഡി സി ആരംഭിച്ചിരിക്കുന്നത്. ഒപ്പം കേന്ദ്രസർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള 10000 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾക്കു നേതൃത്വം നൽകാനും രൂപീകരിക്കാനും സഹകരണസംഘങ്ങൾക്ക് സാധിക്കുമെന്ന് എൻ.സി.ഡി.സി കരുതുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് രാജ്യത്തിന്റെ കാർഷിക, സാമ്പത്തിക പുരോഗതിക്ക് ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെ സഹകരണസംഘങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് എൻ.സി.ഡി.സി യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നതും.

Leave a Reply

Your email address will not be published.