മികച്ച സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു
സംസ്ഥാനത്തെ മികച്ച സഹകരണ സ്ഥാപനങ്ങള്‍ക്ക് സഹകരണ വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. രണ്ടുവര്‍ഷത്തെ മികവുറ്റ പ്രവര്‍ത്തനം കണക്കിലെടുത്ത് സംസ്ഥാന സഹകരണ ബാങ്ക് സഹകരണ മന്ത്രിയുടെ മിനിസ്റ്റേഴ്സ് ട്രോഫി ഏറ്റുവാങ്ങി. മികച്ച അപ്പകസ് സ്ഥാപനത്തിനാണ് മിനിസ്റ്റേഴ്സ് ട്രോഫി ഏര്‍പ്പെടുത്തിയിരുന്നത്. മറ്റ് ആറ് വിഭാഗങ്ങളിലായി 20 സ്ഥാപനങ്ങളാണ് പുരസ്കാരത്തിന് അര്‍ഹമായത്. സഹകരണ ദിനാഘോഷങ്ങളുടെ സമാപനത്തിന് കൂടി വേദിയായ തിരുവനന്തപുരം വി.ജെ.ടി.ഹാളില്‍നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.
മികച്ച ജില്ലാസഹകരണ ബാങ്കുകള്‍ക്കുള്ള പുരസ്കാരം കോഴിക്കോട് ജില്ലാസഹകരണ ബാങ്ക് ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം വയനാടിനും മൂന്നാംസ്ഥാനം ഇടുക്കിക്കുമായിരുന്നു. ഇരു ബാങ്കുകളുടെയും പ്രതിനിധികളും സ്പീക്കറില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളില്‍ പിരുമേട് താലൂക്ക് പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡവലപ്മെന്റ് ബാങ്ക് ആദ്യ സ്ഥാനത്തിനുള്ള പുരസ്കാരം സ്വീകരിച്ചു. ഏറണാകുളത്തെ കുന്നത്തുനാട് താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് രണ്ടാം സ്ഥാനത്തിനും പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് മൂന്നാം സ്ഥാനത്തിനുമുള്ള പുരസ്കാരം സ്വീകരിച്ചു.
തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ സഹകരണ ബാങ്കാണ് അര്‍ബന്‍ ബാങ്കുകളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്. തൊടുപുഴ അര്‍ബന്‍ ബാങ്ക് രണ്ടാമതും കൊല്ലം സഹകരണ അര്‍ബന്‍ ബാങ്കും മൂന്നാം സ്ഥാനവും നേടി. പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ വിഭാഗത്തില്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ സംഘം ഒന്നാം സ്ഥാനത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി. ബാലരാമപുരം സഹകരണ ബാങ്കും, കോട്ടയം ജില്ലയിലെ പൂവരണി സഹകരണ ബാങ്കും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി.
വനിതാസംഘങ്ങളുടെ വിഭാഗത്തില്‍ അഞ്ചുസംഘങ്ങളാണ് പുരസ്കാരം സ്വന്തമാക്കിയത്. തിരുവനന്തപുരം നെല്ലിമൂട് വനിതാ സഹകരണ സംഘവും കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക വനിതാ സഹകരണ സംഘവും ഒന്നാം സ്ഥാനത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി. ഇടുക്കിയിലെ കട്ടപ്പന ബ്ലോക്ക് വനിതാ സഹകരണ സംഘത്തിനാണ് രണ്ടാം സ്ഥാനം. ഏറണാകുളം മാറാടി പഞ്ചായത്ത് വനിതാ സഹകരണ സംഘവും ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘവും മൂന്നാം സ്ഥാനത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി.
പട്ടികവിഭാഗം സംഘങ്ങളില്‍ തിരുവനന്തപുരം വള്ളിച്ചിറ പട്ടികജാതി സര്‍വീസ് സഹകരണ സംഘം മികച്ച പ്രവര്‍ത്തനത്തില്‍ ഒന്നാം സ്ഥാനം നേടി. കൊല്ലം നെടുമ്പന പഞ്ചായത്ത് എസ്.സി. സഹകരണ സംഘം രണ്ടാം സ്ഥാനത്തിനും കോട്ടയം മറവന്തുരുത്ത് വടയാര്‍ പട്ടികജാതി സഹകരണ സംഘം മൂന്നാം സ്ഥാനത്തിനുമുള്ള പുരസ്കാരം സ്പീക്കറില്‍നിന്ന് ഏറ്റുവാങ്ങി.
ചടങ്ങില്‍ സഹകരണ സംഘം രജിസ്ട്രാറിന്റെ ചുമതലയുള്ള ഇ.ആര്.രാധാമണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ., തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത്, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, സംസ്ഥാന സഹകരണ യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് കൃഷ്ണന് നായര്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഓഡിറ്റ് ഡയറക്ടര്‍ വി.സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.