മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് ഇടക്കാല തിരഞ്ഞെടുപ്പ് അതോറിറ്റിയെ നിയമിച്ചു
ഒന്നിലേറെ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള ചില മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളിലെ തിരഞ്ഞെടുപ്പ് നടത്താനായി കേന്ദ്ര സഹകരണമന്ത്രാലയം ഇടക്കാല തിരഞ്ഞെടുപ്പ് അതോറിറ്റിയെ നിയമിച്ചു. സഹകരണസംഘങ്ങളുടെ സെന്‍ട്രല്‍ രജിസ്ട്രാര്‍ ചെയര്‍മാനായുള്ള അതോറിറ്റിയില്‍ മൂന്നംഗങ്ങളെയാണു നിയമിച്ചിരിക്കുന്നത്. സഹകരണമന്ത്രാലയത്തിലെ CET ഡയറക്ടര്‍, LINAC എക്‌സിക്യുട്ടീവ് ഡയറക്ടര്‍, NCDC അംഗം ( വനിത ) എന്നിവരാണു ഇടക്കാല തിരഞ്ഞെടുപ്പ് അതോറിറ്റിയിലുള്ളത്. അംഗങ്ങള്‍ നിലവിലുള്ള ചുമതലകള്‍ക്കു പുറമേയാണ് അതോറിറ്റിയുടെ ചുമതലകൂടി നിര്‍വഹിക്കേണ്ടത്. ഇതിനു പ്രത്യേകം പ്രതിഫലമില്ല.
മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ( ഭേദഗതി ) നിയമം ഇക്കൊല്ലം പാസായെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തിരഞ്ഞെടുപ്പ് അതോറിറ്റിയെ നിയമിച്ചിട്ടില്ല. ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍പേഴ്‌സന്‍, മൂന്നു പേരില്‍ കവിയാത്ത അംഗങ്ങള്‍ എന്നിവരാണ് അതോറിറ്റിയില്‍ നിയമിക്കപ്പെടേണ്ടത്. ഇവരെ തിരഞ്ഞെടുക്കാനുള്ള വിജ്ഞാപനം ഇക്കഴിഞ്ഞ ആഗസ്റ്റില്‍ പുറപ്പെടുവിച്ചെങ്കിലും നിയമനനടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഇതിനിടയിലാണു ചില സംഘങ്ങളിലെ തിരഞ്ഞെടുപ്പ് നടത്താനായി ഇടക്കാല അതോറിറ്റിയെ നിയോഗിക്കേണ്ടിവന്നത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണു തിരഞ്ഞെടുപ്പ് അതോറിറ്റി രൂപവത്കരിക്കണമെന്നു നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
[mbzshare]