മലപ്പുറത്തെ ലയിപ്പിച്ച നടപടി സഹകരണ ആശയത്തിനെതിരെന്ന് സുപ്രീംകോടതി; സ്‌റ്റേ ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍

moonamvazhi

മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ കേരളബാങ്കില്‍ നിര്‍ബന്ധിത ലയനത്തിന് വിധേയമാക്കിയ നടപടി സഹകരണ ആശയത്തിന് എതിരാണെന്ന് സുപ്രീംകോടതി നിരീക്ഷണം. ലയനനടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാബാങ്ക് പ്രസിഡന്റും എം.എല്‍.എ.യുമായി യു.എ.ലത്തീഫ് ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ വാക്കാലുള്ള പരമാര്‍ശം. അതേസമയം, ഹരജിക്കാരുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചുവെന്നും നിയമവ്യവസ്ഥകള്‍ പാലിച്ചാണ് ലയനം നടത്തിയിട്ടുള്ളതെന്നും സഹകരണ മന്ത്രി വി.എന്‍.വാസവന്‍ വിശദീകരിച്ചു.

ലയനം നടത്തിയ രീതിയോട് വിയോജിപ്പുണ്ടെന്ന് ജസ്റ്റിസ്സുമാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സംസ്ഥാന സഹകരണ നിയമത്തില്‍ 74 എച്ച് എന്ന വ്യവസ്ഥ ഭേദഗതിയായി ഉള്‍പ്പെടുത്തിയാണ് മലപ്പുറത്തെ കേരളബാങ്കില്‍ ലയിപ്പിച്ചത്. ഈ വ്യവസ്ഥ അനുസരിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതിനാല്‍, ഹരജിയില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ഹരജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

സഹകരണ ബാങ്കുകള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാനമാണ് കേരളമെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി വാദിച്ച സീനിയര്‍ അഭിഭാഷകരായ ദുഷ്യന്ത് ദാവെ, ഹാരിസ് ബീരാന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. അതേ സര്‍ക്കാര്‍ സഹകരണ സംഘങ്ങളുടെ ജനാധിപത്യ അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്നും ഹരജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകര്‍ കോടതിയില്‍ അറിയിച്ചു. ഇതിന് ശേഷമാണ് സര്‍ക്കാരിന്റെ ലയന നടപടിയെ സുപ്രീംകോടതി വാക്കാല്‍ വിമര്‍ശിച്ചത്.

ഹരജിക്കാരുടെ വാദം നിരാകരിച്ചാണ് മന്ത്രി പ്രതികരിച്ചത്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിച്ച നടപടികള്‍ മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിക്കുകയാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും ഈ ആവശ്യം നിരസിച്ചിരുന്നു. കേരള ബാങ്ക് രൂപീകരണത്തിനായി കേരള സഹകരണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ച് സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ മലപ്പുറം ജില്ലാബാങ്ക് ലയന അനുകൂലമായ പ്രമേയം പാസ്സാക്കാതെ വിട്ടു നിന്നു. പക്ഷെ മറ്റ് ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുകയും കേരള ബാങ്ക് രൂപീകൃതമാകുകയും ചെയ്തു.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ സ്വീകരിച്ചിരുന്നു. അതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഏറ്റവും അവസാനം മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിക്കുന്നതിന്റെ ഭാഗമായി അംഗസംഘങ്ങള്‍ക്ക് സഹകരണ രജിസ്ട്രാര്‍ നല്‍കിയ കത്തിന്റെ നിയമസാധുതയും 2021ലെ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുതയും ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ ബാങ്ക് പ്രസിഡന്റും ഒരുകൂട്ടം പ്രാഥമിക സഹകരണസംഘം പ്രസിഡന്റുമാരും നല്‍കിയ ഹര്‍ജിയും പരിഗണിച്ച ഹൈക്കോടതി ലയനത്തിന് അനുമതി നല്‍കുകയായിരുന്നു.

ആ ലയന നടപടി സ്റ്റേചെയ്യണം എന്നാവശ്യപ്പെട്ടാണ് പ്രത്യേക അനുമതി ഹര്‍ജിയുമായി മലപ്പുറം ജില്ലാ ബാങ്കിന്റെ മുന്‍ഭാരവാഹികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുതിന് മുന്‍പായി തങ്ങളുടെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും, സഹകരണ സംഘം രജിസ്ട്രാറും ഗവണ്‍മെന്റിന്റെ സ്റ്റാന്റിങ്ങ് കൗസില്‍ അഡ്വ: സി.കെ ശശി, അഡ്വ: കെ.വി വിശ്വനാഥന്‍ എന്നിവര്‍ മുഖാന്തിരം കവിയറ്റ് ഫയല്‍ ചെയ്തിരുന്നു. ഹര്‍ജിയില്‍ പ്രാഥമികവാദം കേള്‍ക്കവെയാണ് ലയനം സ്റ്റേചെയ്യണം എന്ന ആവശ്യം സുപ്രീം കോടതി തള്ളിയതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News