ക്ഷേമപെന്‍ഷനുള്ള ഇന്‍സെന്റീവ്: 2021 നവംബര്‍ മുതലുള്ള കുടിശ്ശിക നല്‍കണം- ഹൈക്കോടതി

moonamvazhi

 

പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ വഴി സാമൂഹിക സുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കുന്നതിനുള്ള ഇന്‍സെന്റീവ് 30 രൂപ നിരക്കില്‍ കണക്കാക്കി കുടിശ്ശിക വിതരണം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2021 നവംബര്‍ മുതലുള്ള കുടിശ്ശിക വിതരണം ചെയ്യാനാണു സര്‍ക്കാരിനു ഹൈക്കോടതി ഇടക്കാലനിര്‍ദേശം നല്‍കിയത്. കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് രാജ വിജയരാഘവന്‍ വി.യുടേതാണ് ഈ ഉത്തരവ്.

50 രൂപ നിരക്കില്‍ നല്‍കിവന്ന ഇന്‍സെന്റീവ് മുന്‍കാലപ്രാബല്യത്തോടെ 30 രൂപയാക്കി വെട്ടിക്കുറച്ച സര്‍ക്കാര്‍നടപടിയെയാണു ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഗുണഭോക്താക്കളുടെ വീടുകളില്‍ ക്ഷേമപെന്‍ഷന്‍ എത്തിക്കുന്നതിനു 50 രൂപ ഇന്‍സെന്റീവ് സര്‍ക്കാര്‍ നിശ്ചയിച്ചതു 2017 ആഗസ്റ്റ് 17 നാണെന്നു ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. എന്നാല്‍, 2023 ജനുവരി അഞ്ചിനു ഇന്‍സെന്റീവ് / സര്‍വീസ് ചാര്‍ജ് 30 രൂപയാക്കി കുറച്ചു. ഈ ഉത്തരവിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നു 2021 നവംബര്‍ മുതലുള്ള ഇന്‍സെന്റീവ് നല്‍കുന്നില്ല – ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഒരു ഇടക്കാല നടപടിയെന്ന നിലയില്‍ 30 രൂപ നിരക്കില്‍ കുടിശ്ശിക നല്‍കാന്‍ തയാറാണെന്നു സര്‍ക്കാര്‍അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണു കുടിശ്ശിക വിതരണം ചെയ്യാനുള്ള ഇടക്കാലനിര്‍ദേശം ഹൈക്കോടതി നല്‍കിയത്.

Leave a Reply

Your email address will not be published.