കേരള ബാങ്കിന് ഈ മാസം 30നകം അന്തിമ അനുമതി ലഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി.
കേരള ബാങ്കിന് ഈ മാസം 30നകം അന്തിമ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ എതിർപ്പുവച്ചുള്ള പ്രതിസന്ധി മാത്രമാണ് കേരള ബാങ്കിന് ഉണ്ടായിട്ടുള്ളത്. കേരള ബാങ്കിന് എതിരെയുള്ള രാഷ്ട്രീയം, ജീവനക്കാർ മനസ്സിലാക്കണം. സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ജീവനക്കാർ കേരള ബാങ്കിന്റെ സദുദ്ദേശപരമായ ആശയപ്രചാരണത്തിന് മുന്നിട്ടിറങ്ങണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കാഞ്ഞങ്ങാട് നടക്കുന്ന ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ “മാറുന്ന സാഹചര്യത്തിൽ സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തി” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജീവനക്കാരുടെ ശമ്പള പരിഷ്കരണവും മറ്റ് ആനുകൂല്യങ്ങളും വേഗം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. തൊഴിലാളികളുടെ അനുഭാവമുള്ള ഗവൺമെന്റാണ് സംസ്ഥാനത്തുള്ളത്.കഴിഞ്ഞ മൂന്നു വർഷവും സഹകരണമേഖലയ്ക്ക് സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാനും പ്രളയബാധിതരെ പരമാവധി സഹായിക്കാനും കെയർ ഹോം പദ്ധതി വിജയിപ്പിക്കാനും സഹകരണ മേഖലയ്ക്ക് സാധിച്ചു. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തെ ഉന്നതിയിലെത്തിച്ചു. കൃതി പുസ്തക മേള അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ചു.17 കോടി രൂപയുടെ പുസ്തകങ്ങളാണ് ‘ കൃതി’യിലൂടെ വിൽപന നടത്തിയത്.സഹകരണ മേഖലയുടെ പരിപൂർണ്ണ പിന്തുണ കൃതി ഫെസ്റ്റിനുണ്ടായിരുന്നു. പട്ടികജാതി പട്ടിക വർഗ്ഗ ഫെഡറേഷനെ നവീകരിച്ചു. കേരളത്തിലെ എസ് .എസി. എസ് .ടി സഹകരണ സംഘങ്ങളിൽ കുറഞ്ഞത് മുന്നൂറ് സംഘങ്ങളെയെങ്കിലും ലാഭകരമാക്കുന്ന രീതിയിൽ മികച്ച നിലവാരത്തിലെത്തിക്കാൻ പദ്ധതിയുണ്ട്. നഷ്ടത്തിലായിരുന്ന കൺസ്യൂമർ ഫെഡ് ലാഭത്തിലായതായും മന്ത്രി പറഞ്ഞു.ഡി. ബി.ഇ.സംസ്ഥാന വൈസ് പ്രസിഡണ്ട് എം. കെ.സന്തോഷ് അധ്യക്ഷത വഹിച്ചു. സി.ജെ നന്ദകുമാർ സംസാരിച്ചു.
കെ.പി.അജയകുമാർ സ്വാഗതവും ശ്യാംലാൽ നന്ദിയും പറഞ്ഞു.