കേരളബാങ്കില്‍ സര്‍ക്കാരിനെ വഴിതെറ്റിക്കുന്നത് ടാസ്‌ക്‌ഫോഴ്‌സോ?
കേരളബാങ്ക് രൂപവ്തകരണത്തിന്റെ കാര്യത്തില്‍ എല്ലാനടപടിക്രമങ്ങളും പൂര്‍ത്തിയായി ഇനി റിസര്‍വ് ബാങ്കിന്റെ അനുമതി മാത്രം ലഭിച്ചാല്‍ മതിയെന്നാണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ വിശദീകരണം. അത് വിശ്വാസത്തിലെടുക്കാവുന്നതാണ്. പക്ഷേ, കേരളാബാങ്കിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം പോലും തെറ്റിപ്പോയത് എങ്ങനെയെന്ന ചോദ്യം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ടാസ്‌ക്‌ഫോഴ്‌സിന് കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനമാണ് ഇപ്പോഴുയരുന്നത്.
ടാസ്‌ക് ഫോഴ്‌സ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളബാങ്ക് ഓണസമ്മാനമായി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സഹകരണ മന്ത്രി ഇത് പലവുരു ആവര്‍ത്തിച്ചു. ചിങ്ങം ഒന്നിന് കേരളബാങ്ക് ഉണ്ടാകുമെന്നായിരുന്നു സഹകരണ മന്ത്രിയുടെ ഉറപ്പ്. ചിങ്ങത്തിന് രണ്ടാഴ്ചമുമ്പുപോലും ഇക്കാര്യം മന്ത്രി ആവര്‍ത്തിച്ചതാണ്. ഉദ്യോഗസ്ഥരുടെ യോഗങ്ങളില്‍ ടാസ്‌ക്‌ഫോഴ്‌സ് ചെയര്‍മാന് കേരളബാങ്ക് രൂപവത്കരണത്തെക്കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല. ആഗസ്റ്റ് മാസത്തില്‍ കേരളബാങ്ക് പ്രവര്‍ത്തനം തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചവരോട് ‘ഞങ്ങള്‍ ജോലി ചെയ്യുന്നത് വെറുതയല്ല’ എന്നായിരുന്നു ചെയര്‍മാന്റെ പ്രതികരണം.
പക്ഷേ, ചിങ്ങം പിറന്നിട്ടും ഓണം കഴിഞ്ഞിട്ടും കേരളബാങ്ക് വന്നില്ല. പ്രളയം സര്‍ക്കാരിനെയും സഹകരണ വകുപ്പിനെയും ടാസ്‌ക്‌ഫോഴ്‌സിനെയും ഒരുതരത്തില്‍ രക്ഷിച്ചുവെന്ന് പറയാം. പ്രളയമല്ല കേരളബാങ്ക് രൂപവത്കരണത്തിന് തടസ്സമായത് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. അപ്പോള്‍, മുഖ്യമന്ത്രിക്കടക്കം ലഭിച്ച വിവരങ്ങള്‍ തെറ്റിപ്പോയെന്ന് സംശയിക്കേണ്ടിവരും. ഇവിടെയാണ് സര്‍ക്കാരിനൊപ്പം നിന്നവര്‍പോലും ടാസ്‌ക്‌ഫോഴ്‌സിന്റെ പ്രവര്‍ത്തനത്തില്‍ ആക്ഷേപം ഉന്നയിക്കുന്നത്.
ചിങ്ങം ഒന്നിന് കേരളബാങ്ക് ഉറപ്പാണെന്ന് സഹകരണ മന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത് ടാസ്‌ക്‌ഫോഴ്‌സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കേരളബാങ്ക് എന്നത് പുതിയ ബാങ്കായിരിക്കുമെന്നായിരുന്നു സഹകരണ മന്ത്രി ആദ്യം പറഞ്ഞത്. പുതിയബാങ്കില്ലെന്ന് വാര്‍ത്തകള്‍ വന്നപ്പോഴും ഇക്കാര്യം മന്ത്രി നിഷേധിച്ചതും ടാസ്‌ക്‌ഫോഴ്‌സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഒടുവില്‍ മന്ത്രിക്ക് തന്നെ അത് തിരുത്തേണ്ടി വന്നു. സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ ലയനമാണ് കേരള ബാങ്കിലൂടെ നടക്കുന്നതെന്നും സംസ്ഥാന സഹകരണ ബാങ്കിന്റെ ലൈസന്‍സിലാണ് ഇത് പ്രവര്‍ത്തിക്കുകയെന്നും സമ്മതിക്കേണ്ടിവന്നു. വീഴ്ചകള്‍ ഇവിടെനിന്ന് തുടങ്ങി.
ഓണസമ്മാനമായി കേരളബാങ്ക് നല്‍കുമെന്നായിരുന്നു പിന്നീടുള്ളവാഗ്ദാനം.മുഖ്യമന്ത്രിയാണ് ഇക്കാര്യം ആദ്യം പ്രഖ്യാപിച്ചത്. ടാസ്‌ക്‌ഫോഴ്‌സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. റിസര്‍വ് ബാങ്ക് ഒരിക്കല്‍പ്പോലും ഇക്കാര്യത്തില്‍ ഒരു ഉറപ്പും സര്‍ക്കാരിനോ ടാസ്‌ക്‌ഫോഴ്‌സിനോ നല്‍കിയിട്ടില്ല. പിന്നെ, എങ്ങനെയാണ് മുഖ്യമന്ത്രിക്ക് ടാസ്‌ക് ഫോഴ്‌സ് ഇങ്ങനെയൊരു ഉറപ്പ് നല്‍കിയതെന്നാണ് ചോദ്യം. മുഖ്യമന്ത്രി ഇതുവരെ പ്രഖ്യാപിച്ചതെല്ലാം കൃത്യമായി സമയത്തിന് തന്നെ നടപ്പാക്കിയിട്ടുണ്ട്. അതിനുള്ള എല്ലാ എതിര്‍പ്പുകളെയും, പ്രതിബന്ധങ്ങളെയും സര്‍ക്കാര്‍ അതിജീവിച്ചിട്ടുണ്ട്. പക്ഷേ, കേരളബാങ്കിന്റെ കാര്യത്തില്‍ അത് പിഴച്ചു.