കേരളബാങ്കില്‍ എക്‌സിക്യുട്ടീവ് ഡയറക്ടറെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനം
കേരളബാങ്കില്‍ എക്‌സിക്യുട്ടീവ് ഡയറക്ടറെ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവില്‍ ചീഫ് ജനറല്‍ മാനേജരായ കെ.സി. സഹദേവനെയാണ് കേരള ബാങ്കിന്റെ പ്രഥമ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചിട്ടുള്ളത്. ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചതിന് ശേഷം സ്റ്റാഫ് പാറ്റേണ്‍ പുതുക്കിയിരുന്നു. ഇതില്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് പുറമെ, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്ന പുതിയ തസ്തിക കൂടി സൃഷ്ടിച്ചിരുന്നു. ഇതില്‍ ഇതുവരെയും നിയമനം നടത്തിയിരുന്നില്ല.
കണ്ണൂര്‍ മലപ്പട്ടം സ്വദേശിയാണ് കെ.സി. സഹദേവന്‍. കേരള ബാങ്കിന്റെ രൂപീകരണത്തിനായി പ്രവര്‍ത്തിച്ച ടീമില്‍ സഹദേവനും ഉണ്ടായിരുന്നു. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിലെ ജനല്‍ മാനേജര്‍ എന്നീ തസ്തികകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരളബാങ്കിന്റെ നിയമന ചട്ടം അനുസരിച്ച് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്താനുള്ള അധികാരം സര്‍ക്കാരിനാണ്. നിലവിലെ ചീഫ് ജനറല്‍ മാനേജരില്‍നിന്ന് സ്ഥാനക്കയറ്റം വഴിയോ, നിശ്ചിത യോഗ്യതയുള്ളവരെ നേരിട്ടോ സര്‍ക്കാരിന് നിയമിക്കാം. നിയമനം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് സര്‍ക്കാര്‍ തീരുമാനം വൈകിയത്. നേരത്തെ ഒരു ചീഫ് ജനറല്‍ മാനേജര്‍മാത്രമാണ് കേരളാബാങ്കിനുണ്ടായിരുന്നത്. സഹദേവനാണ് ഈ ചുമതല വഹിച്ചിരുന്നത്. ജില്ലാസഹകരണ ബാങ്കുമുതലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിചയവും യോഗ്യതയും പരിഗണിച്ചാണ് സഹദേവനെ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിക്കാനുള്ള നിര്‍ദ്ദേശത്തിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.