കേന്ദ്ര മള്‍ട്ടി സംഘത്തില്‍ സംസ്ഥാനത്തെ സംഘങ്ങള്‍ അംഗമാകണമെന്ന് നിര്‍ദ്ദേശം

[mbzauthor]

കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ അംഗത്വമെടുക്കണമെന്ന് നിര്‍ഷകര്‍ഷിച്ചിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കി. ഇത് സംസ്ഥാനത്തെ സംഘങ്ങളെ നിയന്ത്രണത്തിലാക്കുന്ന സാഹചര്യമാകും സൃഷ്ടിക്കുകയെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ സംസ്ഥാനത്തെ സഹകരണ മേഖലയെ എങ്ങനെ ബാധിക്കുമെന്ന എ.സി.മൊയ്തീന്റെ ചോദ്യത്തിനായിരുന്നു മറുപടി.

രാജ്യത്താകെ പ്രവര്‍ത്തപരിധിയുള്ള വിധത്തിലാണ് മൂന്ന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത്. സഹകരണം ഒരു സംസ്ഥാന വിഷയമാണ്. ഭരണഘടന ഭേദഗതി റദ്ദാക്കിക്കൊണ്ട് ഇക്കാര്യം സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനും നിയമപരമല്ലാത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍, ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ കൊണ്ടുവരുന്നത്, കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് പൊതു ബൈലോ നടപ്പാക്കുന്നത്, സഹകരണ സംഘങ്ങള്‍ക്ക് വേണ്ടി കേന്ദ്രീകൃത ഡേറ്റ സെന്റര്‍ സ്ഥാപിക്കുന്നത് എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന മറ്റ് പരിഷ്‌കാരങ്ങള്‍. ഇവയെല്ലാം സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകള്‍ ഉള്‍കൊള്ളുന്നതാണെന്നും മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

[mbzshare]

Leave a Reply

Your email address will not be published.