ആന്ധ്ര സംസ്ഥാന സഹകരണ ബാങ്കിനു 183 കോടി രൂപ ലാഭം
ആന്ധ്ര പ്രദേശ് സംസ്ഥാന സഹകരണ ബാങ്ക് ( APCOB ) 2021-22 സാമ്പത്തിക വര്‍ഷം 183 കോടി രൂപ ലാഭം നേടി. ഈ കാലത്തു ബാങ്കിന്റെ മൊത്തം ബിസിനസ്സാകട്ടെ 30,500 കോടി രൂപയിലധികമാണ്. നിക്ഷേപം കഴിഞ്ഞ കൊല്ലത്തെ 5224 കോടി രൂപയില്‍ നിന്നു ഇക്കൊല്ലം 8249 കോടി രൂപയിലെത്തി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആന്ധ്ര പ്രദേശ് സഹകരണ ബാങ്കിന്റെ ലാഭം 146.87 കോടി രൂപയായിരുന്നത് ഇക്കൊല്ലം 183.6 കോടി രൂപയായാണ് ഉയര്‍ന്നത്. 22,337 കോടി രൂപയാണു ബാങ്ക് വായ്പയായി നല്‍കിയത്. മുന്‍കൊല്ലത്തെ വായ്പ 15,824 കോടി രൂപയായിരുന്നു. നിഷ്‌ക്രിയ ആസ്തി നിയന്ത്രിച്ചു നിര്‍ത്തുന്നതിലും ബാങ്ക് മുന്നിലാണ്. 2022 മാര്‍ച്ച് 31 ലെ കിട്ടാക്കടം 1.51 ശതമാനം മാത്രമാണ്. രണ്ടു കൊല്ലം മുമ്പു ബാങ്കിന്റെ മൊത്തം ബിസിനസ് 13,000 കോടി രൂപയായിരുന്നു. അതാണിപ്പോള്‍ 30,000 കോടി കടന്നത്. മൊബൈല്‍ എ.ടി.എം. സൗകര്യംവരെ ബാങ്ക് ഇടപാടുകാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സഹകരണമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 2051 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 89.63 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന്റെ നോഡല്‍ ഏജന്‍സി APCOB ആണ്.