ആദായനികുതി- സംസ്ഥാന സർക്കാരും സഹകാരികളും തീരുമാനിച്ചാൽ തീർക്കാവുന്ന പ്രശ്നമാണെന്ന് ഡോ:എം. രാമനുണ്ണി.
സംസ്ഥാനത്തെ സഹകരണ മേഖലയിലെ ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കേന്ദ്രസർക്കാരിനെതിരെയും ആദായ നികുതി വകുപ്പിനെതിരെയും പടപ്പുറപ്പാടിന് പോകേണ്ട കാര്യമില്ലെന്നും സംസ്ഥാനത്തെ സഹകാരികളും സംസ്ഥാന സർക്കാരും തീരുമാനിച്ചാൽ തീർക്കാവുന്ന പ്രശ്നമാണ് ഇതെന്നും കൺസ്യൂമർ ഫെഡ് മുൻ എംഡിയും ലാഡറിന്റെ ചീഫ് കമേഴ്സ്യൽ മാനേജറുമായ ഡോ:എം.രാമനുണ്ണി പറഞ്ഞു. പാക്സ് അസോസിയേഷൻ തൃശൂരിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്സ് എന്നതിന്റെ നിർവചനം കേരള സഹകരണ നിയമത്തിൽ ഉള്ളത് മാറ്റി ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിൽ ഉള്ളതാക്കിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഇതിനു സർക്കാർ തയ്യാറാകണം. ഇതുവഴി ബാങ്കിംഗ് അല്ലെങ്കിൽ ബാങ്കിംഗ് പോലുള്ള പ്രവർത്തനങ്ങൾ കർഷകർക്ക് വേണ്ടിയോ അംഗങ്ങൾക്ക് വേണ്ടിയോ ചെയ്യാൻ സാധിക്കും. തന്നെയുമല്ല കഴിഞ്ഞ ഏതാനും വർഷം മുമ്പാണ് സഹകരണ നിയമത്തിൽ 50% കാർഷിക വായ്പകൾ വേണമെന്ന് നിഷ്കർഷിച്ചത്. അത് ഒഴിവാക്കി പ്രശ്നം പരിഹരിക്കാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ സംസ്ഥാന സഹകരണ ബാങ്കായ കേരള ബാങ്ക്, സഹകരണ ബാങ്ക് ആണെന്ന് കേന്ദ്ര ധന സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ കൊടിക്കുന്നിൽ സുരേഷ് എംപിക് രേഖാമൂലം ലോക്സഭയിൽ മറുപടി നൽകിയത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് സഹായകരമാകും. പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപം കേരള ബാങ്കിൽ നിക്ഷേപിക്കുമ്പോൾ അതിന്റെ പലിശക് പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 82p പ്രകാരം റിഡക്ഷൻ ലഭിക്കേണ്ടതാണ്. എന്നാൽ ഇക്കാര്യത്തിൽ സഹകരണബാങ്ക് അല്ല എന്ന നിലപാടാണ് ആദായനികുതി വകുപ്പിന് ഉള്ളതെന്നും രാമനുണ്ണി വിശദീകരിച്ചു.