കേരളബാങ്കില്‍ പ്രൊഫഷണല്‍ ഡയറക്ടറെ നിയമിച്ച് സര്‍ക്കാര്‍; പി.സി. പിള്ള പുതിയ ഡയറക്ടര്‍
കേരളബാങ്ക് ഭരണസമിതിയില്‍ പ്രൊഫഷണല്‍ ഡയറക്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് വിരമിച്ച പി.സി.പിള്ളയെയാണ് പ്രൊഫഷണല്‍ ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്. പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്കിന്റെ മുന്‍ സി.ഇ.ഒ. നിലവില്‍ കേരളബാങ്ക് ഭരണസമിതിയില്‍ പ്രൊഫഷണല്‍ ഡയറക്ടറായി ഉണ്ട്.
കേരളബാങ്കിന്റെ ഭരണസമിതിയില്‍ 21 അംഗങ്ങളാണുള്ളത്. ഇതില്‍ രണ്ടുപേര്‍ പ്രൊഫഷണലുകളായിരിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥ. ഈ രണ്ടുപേരെയും സര്‍ക്കാരാണ് നോമിനേറ്റ് ചെയ്യേണ്ടത്. കേരളബാങ്ക് ഭരണസമിതി നിലവില്‍വന്നിട്ട് നാലുവര്‍ഷമായെങ്കിലും ഒരു പ്രൊഫഷണല്‍ ഡയറക്ടറെ മാത്രമേ ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ.
കേരളബാങ്കിന്റെ റാങ്ക് ബി-ക്ലാസില്‍നിന്ന് നബാര്‍ഡ് സി-ക്ലാസിലേക്ക് താഴ്ത്തിയിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ മെച്ചപ്പെട്ട സ്ഥിതിയായിരുന്നിട്ടും ക്ലാസ് താഴാനിടയായതിന്റെ പ്രധാനകാരണം ഭരണസമിതിയില്‍ പ്രൊഫഷണലുകളെ നിയമിച്ചിട്ടില്ല എന്നതായിരുന്നു. രണ്ടുപേര്‍ നിര്‍ബന്ധിതമായും വേണ്ടിടത്ത് ഒരാളെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഇതാണ് വലിയ വീഴ്ചയായി നബാര്‍ഡ് വിലയിരുത്തിയത്. കേരളബാങ്കിന്റെ ക്ലാസ് താഴ്ത്താനുള്ള കാരണങ്ങളിലൊന്ന് ഇതായി മാറിയതോടെയാണ് സര്‍ക്കാര്‍ അടിയന്തരമായി ഒരാളെക്കൂടി നോമിനേറ്റ് ചെയ്തത്.