കേരളബാങ്കില്‍ പലവകസംഘം ജീവനക്കാര്‍ക്ക് അപേക്ഷിക്കാനായില്ല; പ്രശ്‌നം കോടതിയില്‍

moonamvazhi
കേരളബാങ്ക് നിയമനങ്ങളില്‍ സഹകരണസംഘം ജീവനക്കാര്‍ക്കുള്ള ക്വാട്ടയില്‍ അപേക്ഷിക്കാന്‍ പലവക സഹകരണസംഘം ജീവനക്കാര്‍ക്ക് അവസരം നിഷേധിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഗിരികൃഷ്ണന്‍ കൂടാല പ്രസിഡന്റും ഒ.കെ. വിനു സെക്രട്ടറിയുമായുള്ള കേരളബാങ്ക് നോമിനല്‍ മെമ്പര്‍ എംപ്ലോയീസ് ഫോറം ആണു ഹര്‍ജി നല്‍കിയത്. കേരളബാങ്കില്‍ ക്ലര്‍ക്ക്, കാഷ്യര്‍, അറ്റന്റര്‍ തുടങ്ങിയ തസ്തികകളില്‍ അപേക്ഷിക്കാനുള്ള അവസാനതിയതി മെയ് 15 നു കഴിഞ്ഞു. പക്ഷേ, പലവകസംഘങ്ങള്‍ക്കു കേരളബാങ്കില്‍ എ ക്ലാസ് അംഗത്വം നല്‍കാത്തതിനാല്‍ അവയിലെ ജീവനക്കാര്‍ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല. എ ക്ലാസ് അംഗത്വമുള്ള സംഘങ്ങളിലെയും അര്‍ബന്‍ സംഘങ്ങളിലെയും ജീവനക്കാരേ അപേക്ഷിക്കാവൂ എന്നാണു കേരളബാങ്ക് രൂപവല്‍ക്കരിച്ചപ്പോഴുള്ള വ്യവസ്ഥ.
ജില്ലാബാങ്കുകള്‍ ആയിരുന്നപ്പോള്‍ മൂന്നുവര്‍ഷം സര്‍വീസുള്ള 50 വയസ്സുകഴിയാത്ത പലവകസംഘംജീവനക്കാര്‍ക്കും അപേക്ഷിക്കാമായിരുന്നൂ. ജില്ലാബാങ്കുകള്‍ ലയിപ്പിച്ചു കേരളബാങ്ക് രൂപവല്‍ക്കരിച്ചപ്പോള്‍ പറ്റുന്നില്ല.പലവകസംഘങ്ങളുടെ വന്‍തുക കേരളബാങ്കിലുണ്ടെങ്കിലും എ ക്ലാസ് അംഗത്വം നല്‍കുന്നില്ല. മാര്‍ക്കറ്റിങ്, വനിത, ക്ഷേമ, എംപ്ലോയീസ്, അര്‍ബന്‍സൊസൈറ്റി, ക്ഷീര, അഗ്രികള്‍ച്ചറല്‍ ഇംപ്ൂവ്‌മെന്റ്. മൊത്തവ്യാപാര, ഉപഭോക്തൃ തുടങ്ങിയ സംഘങ്ങളാണു പലവകയില്‍ വരിക. ഇത്തരം പലസംഘത്തിലും വേതനം കുറവാണ്. സഹകരണപരിശീലനം നേടിയവരാണു ജീവനക്കാര്‍. പലര്‍ക്കു എം.ബി.എ. പോലുള്ള ഉയര്‍ന്ന യോഗ്യതകളുമുണ്ട്. അവസരനഷ്ടം പരിഹരിച്ചു തങ്ങള്‍ക്കും അപേക്ഷിക്കാന്‍ അവസരമൊരുക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.
Click the link for more details  MVR-Scheme

Leave a Reply

Your email address will not be published.