കാര്‍ഷികവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടി ജനാധിപത്യവിരുദ്ധം-കരകുളംകൃഷ്ണപിള്ള

moonamvazhi

തിരുവനന്തപുരം: നല്ല ഭൂരിപക്ഷത്തോടുകൂടി അധികാരത്തിലിരുന്ന സംസ്ഥാന സഹകരണകാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട നടപടി സഹകരണരംഗത്തെ ജനാധിപത്യം കശാപ്പു ചെയ്യുന്നതിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് സഹകരണ ജനാധിപത്യവേദി ചെയര്‍മാന്‍ അഡ്വ. കരകുളം കൃഷ്ണപിള്ള പറഞ്ഞു. ഭൂരിപക്ഷമുള്ള ഭരണസമിതികളെ തുടര്‍ച്ചയായി പിരിച്ചുവിടുന്ന സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധവും സഹകരണ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.

വലിയ ഭൂരിപക്ഷമുണ്ടായിരുന്ന ബാങ്കിന്റെ മുന്‍ഭരണ സമിതിയേയും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലും സഹകാരികള്‍ യു.ഡി.എഫിനെയാണ് വിയപ്പിച്ചത്. ആകെയുള്ള 18 ഭരണസമിതി അംഗങ്ങളില്‍ കേവലം മൂന്നുപേരെ വിജയിപ്പിക്കാന്‍ മാത്രമേ എല്‍.ഡി.എഫിന് സാധിച്ചിട്ടുള്ളു. ഇക്കഴിഞ്ഞ ദിവസം നടന്ന ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം അലങ്കോലപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയും 2025 മാര്‍ച്ച് മാസം വരെയുള്ള ബഡ്ജറ്റ് നേരത്തെ പാസാക്കിയിട്ടുള്ള ഭരണസമിതിയെ ഭരണപ്രതിസന്ധിയുടെ പേരില്‍ പിരിച്ചുവിട്ട നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണ്.

വയനാട് ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട വൈത്തിരി ബാങ്കില്‍ നിന്ന് വായ്പയെടുത്ത കര്‍ഷകരുടെ ഒരു കോടി അഞ്ചു ലക്ഷം രൂപ എഴുതിത്തള്ളാനുള്ള ഭരണസമിതി തീരുമാനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിക്കാതെ പൊതുയോഗം അലങ്കോലപ്പെടുത്തിയ നടപടി സഹകരണ നിയമത്തിനും ചട്ടത്തിനും വിരുദ്ധവുമാണെന്നും കരകുളം പറഞ്ഞു.