അര്‍ബന്‍ ബാങ്കുകളുടെ മുന്‍ഗണനാ വായ്പാപരിധി 40 ശതമാനമാക്കി കുറയ്ക്കണമെന്ന് ആവശ്യം

moonamvazhi
  • പകുതി വായ്പയും 25 ലക്ഷത്തില്‍ താഴെയായിരിക്കണമെന്ന വ്യവസ്ഥ മാറ്റണം

വാണിജ്യബാങ്കുകളുടെതുപോലെ അര്‍ബന്‍ സഹകരണബാങ്കുകളുടെയും (യു.സി.ബി) മുന്‍ഗണനമേഖലാ വായ്പാലക്ഷ്യപരിധി 40 ശതമാനമായി കുറയ്ക്കണമെന്നു യു.സി.ബി.കള്‍ ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈയില്‍ ചേര്‍ന്ന ഉപദേശകസമിതിയോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ലഘുവായ ചട്ടലംഘനങ്ങളില്‍ എഫ്.എസ്.ഡബ്ലിയു.എം. (സാമ്പത്തികശക്തിയും മികച്ച മാനേജ്‌മെന്റുമുള്ള സ്ഥാപനമെന്ന അംഗീകാരം) പദവിയെ ബാധിക്കുന്ന തരത്തിലുള്ള നടപടികള്‍ പാടില്ലെന്നാണ് മറ്റൊരു ആവശ്യം.

റിസര്‍വ് ബാങ്ക് യു.സി.ബി.കള്‍ക്കുമേല്‍ പിഴ ചുമത്തുന്നതു വര്‍ധിക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തു. പിഴചുമത്തല്‍ ഇപ്പോഴത്തെപ്പോലെ തുടര്‍ന്നാല്‍ ഭാവിയില്‍ ഒരു യു.സി.ബി.ക്കും എഫ്.എസ്.ഡബ്ലിയു.എം യോഗ്യതയുള്ളവയായി മാറാന്‍ കഴിയില്ല. പിഴ ഗൗരവമുള്ളവയെന്നും ലഘുവായവയെന്നും തിരിക്കുകയും ഗൗരവമേറിയവമാത്രം എഫ്.എസ്.ഡബ്ലിയു.എം. പദവിയെ ബാധിക്കുന്ന വിധത്തിലാക്കുകയും വേണം. ടയര്‍1 മൂലധനത്തിന്റെ 50 ശതമാനം വായ്പകളെങ്കിലും 25 ലക്ഷംരൂപയില്‍ താഴെ (അല്ലെങ്കില്‍ 0.2% ഏതാണോ കൂടുതല്‍ അത്) ആയിരിക്കണമെന്ന വ്യവസ്ഥയും ചോദ്യം ചെയ്യപ്പെട്ടു. 25 ലക്ഷംരൂപ എന്ന പരിധി ഒരു കോടിരൂപ (അല്ലെങ്കില്‍ 0.5%) ആക്കണമെന്നാണ് ആവശ്യം. എങ്കിലേ ഉപഭോക്താക്കള്‍ക്കു കൂടുതല്‍ മികച്ച സേവനം നല്‍കാനാവൂ.

 

ആകെ അംഗങ്ങളുടെ 20% വരെ മാത്രമേ നോമിനല്‍ അംഗങ്ങള്‍ ആകാവൂ എന്ന പരിധി ഉയര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യു.സി.ബി.കള്‍ സ്വയംസഹായസംഘങ്ങള്‍ക്കും (എസ്.എച്ച്.ജി) സംയുക്തബാധ്യതാസംഘങ്ങള്‍ക്കും (ജെ.എല്‍.ജി) വായ്പ നല്‍കുന്നതു വര്‍ധിച്ചുവരികയാണ്. ഇവര്‍ നോമിനല്‍ അംഗത്വമേ എടുക്കാറുള്ളൂ. അതുകൊണ്ടു പരിധി ഉയര്‍ത്തുകയോ ഇവരുടെ കാര്യത്തില്‍ നോമിനല്‍ അംഗത്വപരിധി വ്യവസ്ഥ ഒഴിവാക്കുകയോ വേണമെന്നാണ് ആവശ്യം. പുതിയ യു.സി.ബി.കള്‍ക്കു ലൈസന്‍സ് നല്‍കുന്നതു പുനരാരംഭിക്കുക, ഇതിനായി പ്രാരംഭഘട്ടചട്ടങ്ങള്‍ രൂപവത്കരിക്കുക, 500 കോടി രൂപ മുതല്‍ 1000 കോടി രൂപ വരെ നിക്ഷേപമുള്ള യു.സി.ബി.കളെ ആര്‍.ബി.ഐ. നിയമത്തിന്റെ രണ്ടാംപട്ടികയില്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ഡയറക്ടര്‍മാര്‍ക്ക് അനുവദിക്കാവുന്ന വായ്പകള്‍, ചെറുകിടവായ്പകള്‍, ഭവനവായ്പാപരിധി പുനര്‍നിര്‍ണയിക്കല്‍, വായ്പാസഹകരണസംഘങ്ങളെ യു.സി.ബി.കളാക്കാനുള്ള ചട്ടങ്ങള്‍, ശാഖകള്‍ തുടങ്ങാനുള്ള വ്യവസ്ഥകള്‍ ഇളവുചെയ്യേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തു.

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എം. രാജേശ്വര്‍ റാവു അധ്യക്ഷനായി. പുതുതായി നിയമിതനായ കേന്ദ്രസഹകരണസംഘം രജിസ്ട്രാര്‍ രബീന്ദ്രകുമാര്‍ അഗര്‍വാള്‍, യു.സി.ബി.കളുടെ നയകാര്യ നോഡല്‍ ഓഫീസര്‍ സ്‌കെന്ത റോയ്, ദേശീയ യു.സി.ബി. ഫെഡറേഷനായ എന്‍.എഫ്.സി.യു.ബി. പ്രസിഡന്റ് ലക്ഷ്മിദാസ്, ജ്യോതീന്ദ്രമേത്ത, സാരസ്വത് ബാങ്ക് ചെയര്‍മാന്‍ ഗൗതം താക്കൂര്‍, മഹാരാഷ്ട്ര യു.സി.ബി. ഫെഡറേഷന്‍ ചെയര്‍മാന്‍ അജയ് ബാര്‍മെച്ച, രാജസ്ഥാന്‍ യു.സി.ബി. ഫെഡറേഷന്‍ ചെയര്‍മാന്‍ മോഹന്‍ പരാശര്‍, പുണെ ജനതാസഹകാരി ബാങ്ക് ചെയര്‍മാന്‍ രവീന്ദ്ര ഹെജിബ് തുടങ്ങിയവര്‍ പങ്കെടുത്തു.