സഹകരണ നിയമത്തിലെ സമഗ്രമാറ്റം പ്രാബല്യത്തില്‍വന്നു; വിജ്ഞാപനം ഇറങ്ങി

Moonamvazhi

സഹകരണ നിയമ ഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതോടെ ഗസറ്റ് വിജ്ഞാപനം ഇറങ്ങി. ഇതോടെ, നിയമം പ്രാബല്യത്തില്‍ വന്നു. നിലവിലുള്ള സഹകരണ നിയമത്തിലെ 56 വ്യവസ്ഥകളാണ് ഭേദഗതിയായും കൂട്ടിച്ചേര്‍ക്കലായും ഭേദഗതി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വായ്പാ സംഘങ്ങളില്‍ ഭരണസമിതി അംഗങ്ങള്‍ക്ക് മൂന്ന് ടേം വ്യവസ്ഥ, പ്രാഥമിക വായ്പാ സംഘങ്ങള്‍, മറ്റ് വായ്പാ സംഘങ്ങള്‍, പ്രാഥമിക സംഘങ്ങള്‍ എന്നിവയുടെ നിര്‍വചനങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍, യുവസംഘങ്ങള്‍ രൂപീകരിക്കാനുള്ള വ്യവസ്ഥ, സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയവര്‍ക്കായി സോഷ്യല്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കാനുള്ള വ്യവസ്ഥ, അഡ്മിനിസ്‌ട്രേറ്റീവ് ആഡിറ്റ്, സംഘങ്ങള്‍ക്ക് പൊതുസോഫ്റ്റ് വെയര്‍, സംഘങ്ങളില്‍ കമ്പ്യൂട്ടര്‍ അധിഷ്ടിത അക്കൗണ്ടിംഗും ആഡിറ്റും, ടീം ആഡിറ്റ് തുടങ്ങിയവ നിര്‍വചനങ്ങളായും വിവിധ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വായ്പാ സഹകരണ സംഘങ്ങളുടെ ഭാരവാഹികള്‍ തുടര്‍ച്ചയായി മൂന്ന് തവണയില്‍ അധികം ഭരണസമിതി അംഗങ്ങളായി തുടരാന്‍ പാടില്ല എന്ന് ഭേദഗതി നിയമം 17 സഹകരണ നിയമം വകുപ്പ് 28 ഉപവകുപ്പ് 2അ ആയി പുതിയ വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹകരണ സംഘങ്ങളിലെ നിയമനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താനായി വനിതാഫെഡ്, ലേബര്‍ഫെഡ്, ടൂര്‍ഫെഡ്, ഹോസ്പിറ്റല്‍ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടുന്നതിനും വ്യവസ്ഥയുണ്ട്.

2022 ഡിസംബര്‍ 12നാണ് സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ നിയമ സഭയില്‍ അവതരിപ്പിച്ചത്. ഭേദഗതി സെലക്ട് കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്കായി നല്‍കുകയും, സെലക്ട് കമ്മറ്റി കേരളത്തിലെ 14 ജില്ലകളിലും സഹകാരികളുടേയും പൊതുജനങ്ങളുടേയും നിര്‍ദ്ദേശങ്ങള്‍ക്കായി തെളിവെടുപ്പ് നടത്തുകയും, സഹകരണ ജീവനക്കാര്‍, സഹകരണ അപ്പക്‌സ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, പ്രമുഖ സഹകാരികള്‍, സഹകരണ മേഖലയിലെ ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍, നിയമ വിദഗ്ധര്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ നിയമങ്ങളിലെ വ്യവസ്ഥകളും സെലക്ട് കമ്മിറ്റി പരിശോധിച്ചിരുന്നു. മഹാരാഷ്ട്രയിലെ സഹകരണ നിയമത്തെ കുറിച്ച് പഠിച്ചും, അവിടുത്തെ സഹകരണ മേഖലയുടെ പ്രവര്‍ത്തനം സംബന്ധിച്ചു സെലക്ട് കമ്മറ്റി നേരിട്ട് മനസിലാക്കിയതിന്റേയും അടിസ്ഥാനത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഭേദഗതി നിയമം നിയമസഭാ അംഗീകരിച്ചിട്ടുള്ളത്. സഹകരണ വകുപ്പ് മന്ത്രി ചെയര്‍മാനായും 14 എം.എല്‍.എ മാരും അടങ്ങിയ 15 അംഗം സെലക്ട് കമ്മറ്റി 15 ല്‍ അധികം സിറ്റിംഗുകള്‍ നടത്തുകയും ഭേദഗതി നിയമത്തിലെ ഓരോ വ്യവസ്ഥ സംബന്ധിച്ചും വിശദമായ ചര്‍ച്ച നടത്തിയാണ് നിയമത്തിന് അന്തിമ രൂപം നല്‍കിയത്. 2023 ഒക്ടോബറിലാണ് നിയമസഭ ബില്‍ പാസാക്കിയത്. മാസങ്ങളോളം ഇതില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. കഴിഞ്ഞമാസമാണ് ഒപ്പിട്ടത്.

ഗസറ്റ് വിജ്ഞാപനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക : co_operative societies

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.