കര്‍ണാടകത്തിലെ ആശുപത്രിസംഘത്തിന്റെ തിരഞ്ഞെടുപ്പു റദ്ദാക്കി

moonamvazhi
  • ഉടനെ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശം
  • തിരഞ്ഞെടുപ്പ് നടത്താന്‍ വന്‍സംഖ്യ ചെലവായെന്നു സംഘം
  • നിയമം അനുസരിച്ചേ പറ്റൂ എന്നു കേന്ദ്ര സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി

മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി സ്വന്തം വരണാധികാരിയെ വച്ചു തിരഞ്ഞെടുപ്പു നടത്തിയ കര്‍ണാടകത്തിലെ ബിദാറിലുള്ള ഗുരുപാദപ്പ നാഗ്മാര്‍പള്ളി മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സഹകരണആശുപത്രിയുടെയും ഗവേഷണകേന്ദ്രത്തിന്റെയും ഭരണസമിതി തിരഞ്ഞെടുപ്പ് കേന്ദ്ര സഹകരണതിരഞ്ഞെടുപ്പ് അതോറിട്ടി (സി.ഇ.എ) റദ്ദാക്കി. 2023 ല്‍ ഭേദഗതി ചെയ്യപ്പെട്ട മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം നിയമത്തിലെ ചട്ടങ്ങളും വ്യവസ്ഥകളുമനുസരിച്ചു തിരഞ്ഞെടുപ്പു നടത്താന്‍ നടപടികളെടുക്കണമെന്നു സംഘത്തിന്റെ സി.ഇ.ഒ.യോട് ഉത്തരവിടുകയും ചെയ്തു. തിരഞ്ഞെടുപ്പു നടത്താനായി, കേന്ദ്രസഹകരണരജിസ്ട്രാറുടെ പോര്‍ട്ടല്‍ വഴി തിരഞ്ഞെടുപ്പിനുള്ള അപേക്ഷ സി.ഇ.എക്ക് ഉടന്‍ അയക്കണമെന്നും ഉത്തരവിലുണ്ട്. സി.ഇ.എ. അധ്യക്ഷന്‍ ദേവേന്ദ്രകുമാര്‍ സിങ്, അംഗങ്ങളായ മോണിക്ക ഖന്ന, കപില്‍ മീണ എന്നിവരുടെതാണ് ഉത്തരവ്.

2023 ആഗസ്റ്റ് മൂന്നിനും നാലിനും മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വിജ്ഞാപനം ചെയ്തിരുന്നു. ഗുരുപാദപ്പ നാഗ്മാര്‍പള്ളി മള്‍ട്ടിസൂപ്പര്‍സ്‌പെഷ്യാലിറ്റി സഹകരണസംഘം ഈ ചട്ടങ്ങളും വ്യവസ്ഥകളും പാലിച്ചില്ലെന്ന് സി.ഇ.എ. കണ്ടെത്തി. 2023 നവംബര്‍ 20 നു സി.ഇ.എ. നിലവില്‍വന്നിരുന്നു. ഇതിനുശേഷം 2024 മാര്‍ച്ച് 28 നാണു മേല്‍പറഞ്ഞ മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘം തിരഞ്ഞെടുപ്പു നടത്തിയത്. 2024 ഫെബ്രുവരി 28 നും മാര്‍ച്ച് 26 നും കേന്ദ്രസഹകരണരജിസ്ട്രാര്‍ കത്തിലൂടെ നല്‍കിയ മാര്‍ഗനിര്‍ദേശം പാലിക്കാതെയായിരുന്നു തിരഞ്ഞെടുപ്പ്. ഒരു അഭിഭാഷകനെയാണു സംഘം വരണാധികാരിയായി വച്ചത്. 2019 ഡിസംബര്‍ 27നു കേന്ദ്ര സഹകരണരജിസ്ടാര്‍ ഇറക്കിയ വിജ്ഞാപനപ്രകാരം ഇങ്ങനെയുള്ള വരണാധികാരിയെയല്ല വയ്‌ക്കേണ്ടത്. വരണാധികാരികളായി വയ്‌ക്കേണ്ടവര്‍ ആരൊക്കെയായിരിക്കണമെന്ന് ആ വിജ്ഞാപനത്തിലുണ്ട്. 65 വയസ്സു കവിയാത്തവരും വിജ്ഞാപനത്തില്‍ പറയുന്ന പദവികളില്‍ സേവനമനുഷ്ഠിക്കുന്നവരോ വിരമിച്ചവരോ ആയവരുമായ വ്യക്തികളുടെ പാനലില്‍നിന്നായിരിക്കണം വരണാധികാരിയെ നിശ്ചയിക്കേണ്ടതെന്ന് 2022 ജൂലൈ 13നു മറ്റൊരു സര്‍ക്കുലറും വ്യക്തമാക്കിയിരുന്നു.

ചട്ടലംഘനങ്ങളെത്തുടര്‍ന്നു മെയ് രണ്ടിനു സംഘത്തിന്റെ സി.ഇ.ഒ.യ്ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പു നടത്തിയതു വ്യവസ്ഥ പ്രകാരമല്ല, കേന്ദ്രസഹകരണരജിസ്ട്രാറുടെ പോര്‍ട്ടലിലൂടെ സഹകരണതിരഞ്ഞെടുപ്പ് അതോറിട്ടിക്കു തിരഞ്ഞെടുപ്പിനുള്ള അപേക്ഷ അയക്കാന്‍ നിര്‍ദേശിച്ചിട്ടും അനുസരിച്ചില്ല, 2023 ആഗസ്റ്റ് നാലിനു ഭേദഗതി പ്രാബല്യത്തില്‍വന്നിരുന്നുവെങ്കിലും അതനുസരിക്കാതെ സ്വന്തമായി വരണാധികാരിയെ നിയമിച്ചു തിരഞ്ഞെടുപ്പു നടത്തി എന്നിവയാണു കാരണംകാണിക്കല്‍ നോട്ടീസില്‍ പറഞ്ഞിരുന്ന കുറ്റങ്ങള്‍. തുടര്‍ന്നു സി.ഇ.ഒ. എന്‍. കൃഷ്ണറെഡ്ഡിയും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ബി.എസ്. അപരാന്‍ജിയും സത്യവാങ്മൂലം സമര്‍പ്പിച്ചു. ആശയവിനിമയമില്ലായ്കകൊണ്ടു സംഭവിച്ചതാണെന്ന് അതില്‍ ബോധിപ്പിച്ചു. നോട്ടീസ് പിന്‍വലിച്ചു തിരഞ്ഞെടുപ്പു സാധുവാക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. വലിയതുക തിരഞ്ഞെടുപ്പുനടത്തിപ്പിനായി ചെലവിടുകയും ചെയ്തുവെന്നും സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് 2024 മെയ് 28 ല്‍നിന്ന് മാര്‍ച്ച് 28 ലേക്ക് നേരത്തേയാക്കി നടത്തുന്നകാര്യം സി.ഇ.ഒ കേന്ദ്രസഹകരണരജിസ്ട്രാറെ അറിയിച്ചപ്പോള്‍ത്തന്നെ, ഫെബ്രുവരി 28 നു രജിസ്ട്രാര്‍ അയച്ച കത്തില്‍ സംഘം തിരഞ്ഞെടുപ്പുനടപടികളുമായി മുന്നോട്ടുപോകുന്നതു 2023 ലെ മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘം(ഭേദഗതി) നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടല്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിയമപ്രകാരം തിരഞ്ഞെടുപ്പു നടത്താന്‍ സി.ഇ.എ.ക്കാണ് അധികാരം. ഇതുപ്രകാരം തിരഞ്ഞെടുപ്പു നടത്താനുള്ള അപേക്ഷ അയക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും, തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോയെന്നാണു കണ്ടെത്തല്‍.

 

Leave a Reply

Your email address will not be published.