സഹകരണസംഘങ്ങള്‍ക്ക് കൊലക്കയര്‍ ഒരുക്കരുത്
സഹകരണമേഖലയിലെ പ്രശ്നങ്ങളുടെ കാരണം തട്ടിപ്പിന്റെ കണക്കുപുസ്തകത്തിലേക്ക് എഴുതിച്ചേര്‍ക്കുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ സര്‍ക്കാരും പൊതുസമൂഹവും തിരിച്ചറിയേണ്ടതുണ്ട്. നിക്ഷേപം തിരിച്ചുകൊടുക്കാന്‍ കഴിയാത്ത സഹകരണസംഘങ്ങളുടെ എണ്ണം കൂടിവരികയാണ്. ഇതെല്ലാം തട്ടിപ്പും വെട്ടിപ്പും കാരണമാണെന്ന പൊതുബോധം സൃഷ്ടിക്കുന്ന വിധത്തിലാണു വാര്‍ത്തകളുടെ പ്രചരണം. അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന കാര്യത്തില്‍ സഹകാരികള്‍ക്കിടയില്‍ രണ്ടഭിപ്രായമില്ല. അത് എങ്ങനെ കഴിയും എന്നതില്‍ മാത്രമാണ് ആശയക്കുഴപ്പം. അതുകൊണ്ടാണ് എല്ലാവര്‍ക്കും തിരിച്ചറിയാനുള്ള ചില കാരണങ്ങള്‍ ഇവിടെ വിശദീകരിക്കുന്നത്. കേരളത്തില്‍ ആകെയുള്ളത് 1675 പ്രാഥമിക സഹകരണബാങ്കുകളാണ്. ഇതില്‍ 967 ബാങ്കുകളാണു ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ ആകെ ലാഭം 371 കോടി രൂപയാണ്. 645 പ്രാഥമികബാങ്കുകളാണു നഷ്ടത്തിലുള്ളത്. ഇവയുടെ ആകെ നഷ്ടം 5594 കോടി രൂപയാണ്. അതായത്, സഹകരണബാങ്കുകളിലെ മൊത്തം ലാഭത്തിന്റെ എത്രയോ ഇരട്ടിയാണു മൊത്തം നഷ്ടം. ഈ കണക്ക് ആശങ്കയുണ്ടാക്കുന്നതാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അതിനപ്പുറം ആശങ്കപ്പെടുത്തേണ്ട ചില കണക്കുകള്‍ കൂടിയുണ്ട്. സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും പിരിഞ്ഞുകിട്ടാനുള്ള തുക 47,172.13 കോടി രൂപയാണ്. അതായത് നഷ്ടത്തിന്റെ എത്രയോ ഇരട്ടിത്തുക സംഘങ്ങള്‍ക്കു പിരിഞ്ഞുകിട്ടാനുണ്ട്. സഹകരണസംഘങ്ങള്‍ ഇത്രയേറെ പ്രതിസന്ധി നേരിടുമ്പോഴും, നിക്ഷേപം തിരിച്ചുനല്‍കാനാവാതെ വലയുമ്പോഴും, നിക്ഷേപകര്‍ പൊതുനിരത്തില്‍ സമരത്തിനിറങ്ങുമ്പോഴും, എന്തുകൊണ്ട് ഈ കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല എന്നതാണു ചോദ്യം. അവിടെയാണു സര്‍ക്കാരിന്റെ മനോഭാവം ഒരു പ്രശ്നമായി നില്‍ക്കുന്നത്.
സഹകരണവകുപ്പുദ്യോഗസ്ഥരുടെ അമാന്തവും സര്‍ക്കാര്‍മനോഭാവവും സഹകരണമേഖലയിലെ കുടിശ്ശിക കൂടാന്‍ കാരണമായിട്ടുണ്ട്. 2016 മുതല്‍ 5,03,515 എക്സിക്യൂഷന്‍ കേസുകളാണു പ്രാഥമിക സഹകരണസംഘങ്ങളും ബാങ്കുകളും ഫയല്‍ ചെയ്തിട്ടുള്ളത്. ഇതില്‍ത്തന്നെ 1419 കേസുകളിലാണു ജപ്തി പൂര്‍ത്തിയായത്. എന്തുകൊണ്ട് 47,172.13 കോടി രൂപയുടെ കുടിശ്ശികക്കടത്തിലേക്കു സഹകരണസംഘങ്ങളും ബാങ്കുകളും കൂപ്പുകുത്തി എന്നതിന് ഇത് ഉത്തരം നല്‍കുന്നുണ്ട്. ആര്‍ബിട്രേഷന്‍ അപേക്ഷകള്‍ക്കൊപ്പം 2023-24 വര്‍ഷത്തില്‍മാത്രം 70.59 കോടി രൂപയാണു സഹകരണസംഘങ്ങള്‍ ഫീസായി നല്‍കിയത്. സര്‍ക്കാരിനു ലഭിക്കേണ്ട ഫീസുകള്‍ കൃത്യമായി വാങ്ങുകയും സംഘങ്ങള്‍ക്കു നല്‍കേണ്ട സേവനം മുടങ്ങുകയും ചെയ്യുന്നതു സഹകരണമേഖലയിലെ സാമ്പത്തികപ്രതിസന്ധിക്കു പ്രധാനകാരണമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. അതേസമയം, സര്‍ഫാസിനിയമം ബാധകമായ അര്‍ബന്‍ ബാങ്കുകളിലും കേരളബാങ്കിലും ഈ പ്രതിസന്ധിയില്ല. രണ്ടര വര്‍ഷത്തിനുള്ളില്‍ 12,958 കേസുകളാണു കുടിശ്ശിക പിരിച്ചെടുക്കുന്നതിനു കേരളബാങ്കിലുണ്ടായത്. ഇതില്‍ 11,931 എണ്ണത്തിലും കേരളബാങ്ക് ജപ്തി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അര്‍ബന്‍ബാങ്കുകളില്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ 17,601 ജപ്തി കേസുകളില്‍ 13,515 എണ്ണവും പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ പദ്ധതികള്‍, ക്ഷേമപെന്‍ഷന്‍ വിതരണം എന്നിവയ്ക്കെല്ലാം പണം നല്‍കുന്നതു പ്രാഥമിക സഹകരണബാങ്കുകളാണ്. 14,000 കോടിയോളം രൂപ ഇതിനകം ഇങ്ങനെ നല്‍കിയിട്ടുണ്ട്. എന്നിട്ട്, ആ ബാങ്കുകള്‍ സാമ്പത്തികപ്രതിസന്ധി നേരിടുമ്പോള്‍ തട്ടിപ്പുകാരണം സംഭവിച്ചതാണെന്ന പൊതുധാരണയുണ്ടാക്കുന്നതു നീതികേടാണ്. കള്ളനാണയങ്ങളെ പുറത്താക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ, കിട്ടാനുള്ള പണം വാങ്ങിയെടുക്കാന്‍ നിയമപരമായി നിര്‍വഹിക്കേണ്ട ബാധ്യത നിറവേറ്റാതെ, കൊടുക്കാനുള്ള പണത്തിന്റെ ബാധ്യതയില്‍ കള്ളന്‍പട്ടംകൂടി ചാര്‍ത്തി നല്‍കുന്നതു നീതീകരിക്കാവുന്നതല്ല. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി നില്‍ക്കുന്ന പ്രാഥമിക സഹകരണസംഘങ്ങള്‍ക്കു കൊലക്കയര്‍ ഒരുക്കരുതെന്ന അപേക്ഷയാണു മുന്നോട്ടുവെക്കാനുള്ളത്. ഇതു സര്‍ക്കാരും പരിഗണിക്കേണ്ടതാണ്.
– എഡിറ്റര്‍