സഹകരണത്തിനും സാധ്യത തുറക്കുന്ന കവാടമാണ് വിഴിഞ്ഞം
രണ്ടു സഹകരണമന്ത്രിമാരുടെ കയ്യൊപ്പ് വീണ കേരളത്തിന്റെ സ്വപ്നപദ്ധതിയാണു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; എം.വി. രാഘവന്റെയും വി.എന്‍. വാസവന്റെയും. 1991 ലെ കെ. കരുണാകരന്‍മന്ത്രിസഭയില്‍ തുറമഖ-സഹകരണ വകുപ്പുകളുടെ മന്ത്രിയായിരുന്നു എം.വി. രാഘവന്‍. അദ്ദേഹമാണു വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖത്തിനുള്ള സാധ്യത തേടിയത്. അദ്ദേഹം കൊളുത്തിവെച്ച വിളക്കാണ് 2024 ല്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ തുറമുഖ-സഹകരണ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി വി.എന്‍. വാസവനിലൂടെ പ്രകാശപൂരിതമായത്. വിഴിഞ്ഞം ഒരു തുറമുഖം മാത്രമല്ല, അതു കേരളത്തിന്റെ വികസനസാധ്യകളുടെ ഒരു കവാടമാണ്. 2030 ഓടെ കേരളത്തെ സാമ്പത്തികമായി കരകയറ്റാനാകുന്ന വരുമാനത്തിന്റെ ഉറവിടമാകുന്ന ഒന്നാണ്.
ഒരു സഹകാരി സ്വപ്നം കാണണമെന്നും ഭാവിസാധ്യതകളുടെ സ്വപ്നമാണു സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജമാകേണ്ടതെന്നും മലയാളിയെ പഠിപ്പിച്ച രാഷ്ട്രീയനേതാവാണ് എം.വി. രാഘവന്‍. മൂലധനമെന്നതു കോര്‍പ്പറേറ്റ്ശക്തികളുടെ അധീനതയിലുള്ള പണം മാത്രമല്ലെന്നും ഒന്നിച്ചുമുന്നേറാന്‍ തീരുമാനിക്കുന്ന ഒരുകൂട്ടം ആളുകളുടെ ഓട്ടക്കീശയിലെ കാലണ സ്വരൂക്കൂട്ടി തീര്‍ക്കുന്ന അത്ഭുതമാണെന്നും എം.വി. രാഘവന്‍ സഹകരണത്തിലൂടെ തെളിയിച്ചു. അദ്ദേഹം സഹകരണ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചതും ആശുപത്രി സഹകരണ സംഘങ്ങള്‍ക്കു ജീവന്‍നല്‍കിയതും വനിതാ സഹകരണസംഘങ്ങളിലൂടെ സ്ത്രീശാക്തീകരണത്തിനു പുതിയ പാത തീര്‍ത്തതും കേരളം കണ്ടതാണ്. വാസവന്‍ സഹകരണ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കുന്ന കാലം എം.വി.ആര്‍. സഞ്ചരിച്ച ഘട്ടമല്ല. പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ കാലത്തിലൂടെയാണു ‘സഹകരണം’ മുന്നേറുന്നത്. അതില്‍ വീണുപോകാതെ കാക്കാനും പൊരുതിനേടി കുതിക്കാനും ഒരു നായകനായി നില്‍ക്കുക എന്ന റോളാണു വാസവനു വഹിക്കാനുള്ളത്. അത് ആവോളം അദ്ദേഹം ചെയ്യുന്നുണ്ട്.
സഹകാരികളായ രണ്ടു മന്ത്രിമാര്‍ കേരളത്തിനായി രൂപപ്പെടുത്തിയ വിഴിഞ്ഞത്തുനിന്നു സാധ്യത കണ്ടെത്തി വളരാനുള്ള ആസൂത്രണമാണ് ഇനി സഹകരണപ്രസ്ഥാനത്തിനു ചെയ്യാനുള്ളത്. സഹകരണത്തിലൂടെ സ്വപ്നം കാണണമെന്ന എം.വി.ആറിന്റെ മുദ്രാവാക്യവും കാത്തിരിക്കാനല്ല പൊരുതാനുള്ള കാലമാണിതെന്ന വി.എന്‍. വാസവന്റെ സന്ദേശവും സഹകാരികള്‍ ഏറ്റെടുക്കേണ്ടതുണ്ട്. വിഴിഞ്ഞം അനന്തസാധ്യതകള്‍ സഹകരണമേഖലയ്ക്കു മുമ്പില്‍ തുറന്നിടുന്നുണ്ട്. കയറ്റുമതിയില്‍ അധിഷ്ഠിതമായ ഉല്‍പ്പാദനമേഖലയിലേക്കു കടക്കാനാകണം. സഹകരണ ഉല്‍പ്പന്നങ്ങള്‍ വിദേശവിപണി കീഴടക്കാനാകുന്നവിധത്തില്‍ പാക്കിങ്, ഗ്രേഡിങ് എന്നിവയിലേക്കു മാറേണ്ടതുണ്ട്. ഇതിനുപുറമെയാണു ലോജിസ്റ്റിക്‌സ് സാധ്യതകള്‍. 500 കിലോമീറ്ററിനുള്ളില്‍ തലങ്ങും വിലങ്ങുമായി കിടക്കുന്ന ഗതാഗതസംവിധാനമുള്ള സംസ്ഥാനമാണു കേരളം. ഇവിടെ പല ഭാഗത്തായി ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങള്‍ക്കുള്ള സാധ്യത ഏറെയാണ്. വിഴിഞ്ഞം ഒരു ട്രാന്‍സ്ഷിപ്പ്മെന്റ് പോര്‍ട്ടാണ്. അതുകൊണ്ടുതന്നെ അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്കുകളും വിഴിഞ്ഞത്തേക്ക് എത്തും. ഇതെല്ലാം കേരളത്തിനും സഹകരണമേഖലയ്ക്കും തുറന്നിടുന്ന പുതുസാധ്യതകളാണ്. വിഴിഞ്ഞത്തിന്റെ കവാടത്തിലൂടെ സഹകരണത്തിനു പുതിയ ലോകം സ്വപ്നം കാണാനാവണം. എണ്ണയാട്ടുസംഘങ്ങളില്‍നിന്ന് ഐ.ടി.പാര്‍ക്കോളം വളര്‍ന്ന സഹകരണപ്രസ്ഥാനത്തിനു നാളെയുടെ വഴികളിലും അടയാളങ്ങള്‍ തീര്‍ക്കാനാകണം. പുതുതലമുറയ്ക്കു സഹകരണത്തിലൂടെ പുതുവഴി തീര്‍ക്കാവുന്ന രീതിയില്‍ അപ്പോള്‍ സഹകരണചട്ടക്കൂടുകള്‍ പൊളിച്ചെഴുതേണ്ടിവരും. കാഴ്ചപ്പാടുകളാണു കാലത്തിന് എന്നും വെളിച്ചം തീര്‍ക്കുക.
– എഡിറ്റര്‍
(മൂന്നാംവഴി എഡിറ്റോറിയൽ ഓഗസ്റ്റ് ലക്കം 2024)