ലാഡറിന്റെ അടുത്ത ദൗത്യം സീനിയര്‍ സിറ്റിസണ്‍സ് വില്ലേജ്: എക്സ്റ്റന്‍ഷന്‍ സെന്റര്‍ മെയ് ഒന്നിന് വടവന്നൂരില്‍ ഉദ്ഘാടനം ചെയ്യും

Moonamvazhi

സഹകരണരംഗത്തു നിരവധി മാതൃകാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ലാഡറിന്റെ ( കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് സഹകരണസംഘം ) അടുത്ത ദൗത്യമായ സീനിയര്‍ സിറ്റിസണ്‍സ്് വില്ലേജ് കം അഗ്രോഫാമിന്റെ ഭാഗമായുള്ള എക്സ്റ്റന്‍ഷന്‍ സെന്റര്‍ മെയ് ഒന്നിനു രാവിലെ പത്തിനു പാലക്കാട് കൊല്ലങ്കോട് വടവന്നൂര്‍ വൈദ്യശാലയില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ആര്‍. ചിന്നക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും. വടവന്നൂര്‍ ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് കെ.എസ്. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുന്‍ എം.പി. വി.എസ്. വിജയരാഘവന്‍ ബ്രോഷര്‍ പ്രകാശനം ചെയ്യും. മുന്‍ എം.എല്‍.എ. കെ. അച്യുതന്‍ ആദ്യ വ്യക്തിഗത നിക്ഷേപം സ്വീകരിക്കും. ചിറ്റൂര്‍ സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ എ. സുരേന്ദ്രന്‍ സഹകരണസ്ഥാപനങ്ങളുടെ ആദ്യനിക്ഷേപം സ്വീകരിക്കും.

വാര്‍ധക്യത്തില്‍ ഒറ്റപ്പെടുന്നവര്‍ക്കായി ഒരുക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് വില്ലേജ് കം അഗ്രോ ഫാം ലാഡറിന്റെ മറ്റൊരു വന്‍ദൗത്യമാണെന്നു ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അറിയിച്ചു. ആധുനികസൗകര്യത്തോടുകൂടിയ ഒരു പാര്‍പ്പിടസമുച്ചയമടങ്ങുന്ന ഈ പ്രോജക്ട് സഹകരണമേഖലയില്‍ ഇത്തരത്തിലുള്ള ആദ്യസംരംഭമാണ്. ഇതിനായി പാലക്കാട് ജില്ലയിലെ മുതലമട വില്ലേജില്‍ 44 ഏക്കര്‍ സ്ഥലം സംഘം ഏറ്റെടുത്തിട്ടുണ്ട്. കാര്‍ഷിക കമേഴ്‌സ്യല്‍ ഫാമും കാലാവസ്ഥക്കനുയോജ്യമായവിധം ടൂറിസ്റ്റുകള്‍ക്കായി ടൂറിസ്റ്റ് വില്ലകളും ഇവിടെ വിഭാവനം ചെയ്യുന്നുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ മാനസികോല്ലാസത്തിനായുള്ള സൗകര്യങ്ങളോടൊപ്പം ഡിസ്പന്‍സറിയും ഇവിടെ ഒരുക്കും. വെറ്ററിനറി ക്ലിനിക്ക്, അഗ്രോ ക്ലിനിക്ക് എന്നിവയുമുണ്ടാകും. 150 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സീനിയര്‍ സിറ്റിസണ്‍ വില്ലേജ് 2032 ല്‍ പൂര്‍ത്തിയാകും. വില്ലേജിന്റെ ചുറ്റുമതില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വില്ലേജിന്റെ നിര്‍മാണപ്രവൃത്തികള്‍ ഈ വര്‍ഷം സഹകരണമന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും- വിജയകൃഷ്ണന്‍ അറിയിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.