കോസ്‌മോസിന് വമ്പന്‍ ലാഭം

moonamvazhi
  • കോസ്‌മോസ് സഹകരണ ബാങ്കിന് 460.77 കോടി രൂപ ലാഭം
  • മൊത്തം ബിസിനസ് 35,000 കോടി
  •  18 ദുര്‍ബലബാങ്കുകളെ ഏറ്റെടുത്ത ബാങ്ക്

രാജ്യത്തെ മുന്‍നിരയിലുള്ള സഹകരണ ബാങ്കുകളിലൊന്നായ കോസ്‌മോസ് ബാങ്ക് 2023-24 ല്‍ മികച്ച നേട്ടമുണ്ടാക്കി. ബാങ്കിന്റെ മൊത്തം ബിസിനസ് 35,000 കോടി രൂപയിലധികമാണ്. മൊത്തം ലാഭമാവട്ടെ 2024 മാര്‍ച്ച് 31 ന് 460.77 കോടി രൂപയിലെത്തി.

2024 മാര്‍ച്ച് അവസാനം കോസ്‌മോസ് ബാങ്കിന്റെ നിക്ഷേപം 20,000 കോടിക്കു മുകളിലാണ്. വായ്പയും അഡ്വാന്‍സുമായി 15,000 കോടിയിലധികം നല്‍കി. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി ഒന്നര ശതമാനം മാത്രമാണ്. ഏഴു സംസ്ഥാനങ്ങളിലായി പ്രവര്‍ത്തനപരിധിയുള്ള കോസ്‌മോസ് ബാങ്കിനു 170 ശാഖകളുണ്ട്. ഇടപാടുകാരും ഉപഭോക്താക്കളും പതിനെട്ട് ലക്ഷത്തിലധികം വരും. മുംബൈയില്‍ നടന്ന പത്തൊമ്പതാമതു ഐ.ബി.എ. വാര്‍ഷിക ടെക്‌നോളജി സമ്മേളനത്തില്‍ അഞ്ച് അവാര്‍ഡുകള്‍ കോസ്‌മോസ് ബാങ്ക് നേടിയിട്ടുണ്ട്. ഐ.ടി. റിസ്‌ക് മാനേജ്‌മെന്റ്, മികച്ച ടെക്‌നോളജി ബാങ്ക്, മികച്ച ടെക്‌നോളജി ടാലന്റ് തുടങ്ങിയ അവാര്‍ഡുകളാണു ബാങ്ക് കരസ്ഥമാക്കിയത്.

മറ്റു വന്‍കിട സഹകരണ ബാങ്കുകളുമായി താരത്യപ്പെടുത്തുമ്പോള്‍ തങ്ങളുടെ മൊത്തത്തിലുള്ള ബിസിനസ്സില്‍ 15 ശതമാനം വളര്‍ച്ച നേടിയതായി ബാങ്ക് ചെയര്‍മാന്‍ മിലിന്ദ് കാലെ അറിയിച്ചു. കോസ്‌മോസ് ബാങ്കുമായി ലയിച്ചിട്ടുള്ള പതിനെട്ട് ദുര്‍ബലബാങ്കുകളെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ലയനത്തോടെ അത്തരം ബാങ്കുകളുടെ നിക്ഷേപകരുടെയും ജീവനക്കാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോസ്‌മോസ് ബാങ്കിനു കഴിയുന്നുണ്ട് – ചെയര്‍മാന്‍ അറിയിച്ചു. മുംബൈയില്‍ പതിനൊന്നു ശാഖകളുണ്ടായിരുന്ന സാഹബ്‌റാവു ദേശ്മുഖ് സഹകരണ ബാങ്ക്, ഏഴു ശാഖകളുണ്ടായിരുന്ന മറാത്ത സഹകാരി ബാങ്ക് എന്നിവ സമീപകാലത്തു കോസ്‌മോസ് ബാങ്കുമായി ലയിച്ച ബാങ്കുകളില്‍പ്പെടും.

മഹാരാഷ്ട്രയിലെ പുണെ ആസ്ഥാനമായി 1906 ലാണു കോസ്‌മോസ് സഹകരണ ബാങ്ക് സ്ഥാപിച്ചത്. ഇപ്പോള്‍ മഹാരാഷ്ട്രയ്ക്കു പുറമേ ആന്ധ്ര പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലും പ്രവര്‍ത്തനപരിധിയുള്ള മള്‍ട്ടി സ്റ്റേറ്റ് ബാങ്കാണ്. 79,000 ഓഹരിയുടമകളാണു ബാങ്കിനുള്ളത്. സഹകരണമേഖലയില്‍ കറന്‍സി ചെസ്റ്റ് തുടങ്ങിയ ആദ്യത്തെ ബാങ്കാണു കോസ്‌മോസ്. സഹകരണമേഖലയില്‍ ആദ്യമായി കോര്‍ ബാങ്കിങ് തുടങ്ങിയ ബാങ്ക് എന്ന ബഹുമതിയും കോസ്‌മോസിനുണ്ട്.

Leave a Reply

Your email address will not be published.