ഇന്ത്യയില്‍ നിന്ന് ഒന്നാമനായി ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് കോണ്‍ഫറന്‍സില്‍ കേരളം

moonamvazhi

പതിനൊന്നാമത് ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോണ്‍ഫറന്‍സ് അവസാനിച്ചപ്പോള്‍ തെളിഞ്ഞത് ഇന്ത്യയില്‍ സഹകരണമേഖലയില്‍ ഒന്നാമത് കേരളംമാത്രം. കേന്ദ്രസര്‍ക്കാരിന് ഇന്ത്യന്‍ സഹകരണനേട്ടമായി രാജ്യാന്തരവേദിയില്‍ അവതരിപ്പിക്കാന്‍ ഉണ്ടായിരുന്നത് കേരളത്തിലെ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തന പദ്ധതികളും അതിലൂടെ സംസ്ഥാനം കൈവരിച്ച പുരോഗതിയുമായിരുന്നു.

ഇന്ത്യന്‍സംഘത്തെ നയിച്ചത് കേരളസഹകരണമന്ത്രിയും കേന്ദ്രസഹകരണ മന്ത്രലയത്തിന്റെ പ്രതിനിധിയുമായിരുന്നു. കേരളത്തിന്റെ സഹകരണ മേഖലയുടെ കരുത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് ഈ ക്ഷണം. ഏഷ്യാപസഫിക്ക് രാജ്യങ്ങളിലെ സഹകരണമേഖലയുടെ വളര്‍ച്ചയെയും സാമൂഹ്യപങ്കാളിത്തത്തെക്കുറിച്ചും ഐക്യരാഷ്ട്ര സഭയ്ക്കും ഇന്റര്‍ നാഷ്ണല്‍ കൊപറേറ്റീവ് യൂണിയനും അവരുടെ നയരൂപീകരണത്തിനു വേണ്ട ആശയപരമായ സംഭാവനകള്‍ നല്‍കുന്ന വേദിയിലാണ് പ്രാഥമിക സഹകരണസംഘങ്ങള്‍ ഗ്രാമീണമേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, കേരളാബാങ്ക്, ഊരാളുങ്കല്‍ തുടങ്ങിയ മികവുകള്‍ ചര്‍ച്ചയായത്.

ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ മന്ത്രി വി.എന്‍. വാസവന്‍ വിഷയാവതരണം നടത്തുന്നു.

29 രാജ്യങ്ങളില്‍ നിന്നുള്ള സഹകരണകാര്യ ചുമതലയുള്ള മന്ത്രിമാര്‍ പങ്കെടുത്ത കോണ്‍ഫറന്‍സിലാണ് കേരളസഹകരണ വകുപ്പിനും മന്ത്രി വി എന്‍ വാസവന് സംസ്ഥാനത്തെ സഹകരണനേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത്. രാജ്യാന്തരതല വേദിയില്‍ സഹകരണരംഗത്തെ ഇടപെടലുകളില്‍ വിജയം നേടിയ കേരളത്തിനെ നേടങ്ങള്‍ അവതരപ്പിക്കാന്‍ ക്ഷണിച്ചത് സംസ്ഥാനത്തെ സഹകരണപ്രസ്ഥാനത്തിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടികൂടിയായി.

വിപുലമായജനകീയ അടിത്തറയുള്ള കേരള സഹകരണപ്രസ്ഥാനത്തിന്റെ ഇടപെടലുകളെക്കുറിച്ച് മന്ത്രി നടത്തിയ അവതരണം അതീവശ്രദ്ധയോടയും കൗതുകത്തോടെയുമാണ് ഇതരരാജ്യങ്ങളുടെ പ്രതിനിധികള്‍ ശ്രവിച്ചത്. സഹകരണ മേഖലയിലെ കേരളത്തിന്റെ ശക്തമായ പാരമ്പര്യത്തെക്കുറിച്ചും, സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സഹകരണ മേഖല സൂക്ഷ്മമായി നടത്തുന്ന ഇടപെടലുകളെ സംബന്ധിച്ചും വിശദമായിത്തന്നെ കേരളം അവതരിപ്പിച്ചു. 2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി കെയര്‍ ഹോം പദ്ധതി വഴി 2292 വീടുകള്‍ സഹകരണ മേഖല നിര്‍മ്മിച്ചു നല്‍കിയത്. കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ താങ്ങായത് കേരള ബാങ്ക് രൂപീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍.

വനിതാ ശാക്തീകരണത്തില്‍ മുറ്റത്തെ മുല്ലപദ്ധതി അടക്കം കേരളത്തിലെ സഹകരണ മേഖലയുടെ ഇടപെടല്‍ കുറഞ്ഞ പലിശയ്ക്ക് വായ്പകള്‍ നല്‍കുന്ന പദ്ധതി എന്നിവയും അതിന്റെ നേട്ടങ്ങളും മന്ത്രി കോണ്‍ഫറന്‍സില്‍ വിശദമാക്കി. വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും നല്‍കി ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണമൊരുക്കാനും, ആരോഗ്യരംഗത്തും കാര്യക്ഷമമായി ഇടപെടാനും സഹകരണമേഖലയ്ക്കായി എന്ന കാര്യം ചര്‍ച്ചകളില്‍ ഉയര്‍ത്തിക്കാണിക്കപ്പെട്ടു. വിദ്യാഭ്യാസ,ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ കാലാനുസൃതമായ മാറ്റങ്ങളോടെ കേരളത്തിന്റെ സഹകരണമേഖല കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കപ്പെടുന്ന കാര്യങ്ങളും മന്ത്രി വി.എന്‍ വാസവന്‍ വിശദമായി അവതരിപ്പിച്ചു.

സഹകരണരംഗത്തെ ചില മോശം പ്രവണതകള്‍ ഉണ്ടായപ്പോള്‍ അതിനെ ഉയര്‍ത്തിക്കാട്ടി കേരളത്തെ ഇകഴ്ത്താനും കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ക്കാനും ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് രാജ്യന്തര കൊണ്‍ഫറന്‍സില്‍ കേരളത്തിന് അംഗീകാരം ലഭിച്ചതെന്ന് മന്ത്രി വി എന്‍. വാസവന്‍ പറഞ്ഞു. വിപുലമായ വൈവിധ്യവല്‍ക്കരണത്തിന് തയ്യാറെടുക്കുന്ന കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് ഏഷ്യ പസഫിക് സഹകരണ കോണ്‍ഫറന്‍സിലെ അനുഭവങ്ങളും പിന്തുണയും കൂടുതല്‍ കരുത്ത് പകരുമെന്നും അദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published.