അമുലിന്റെ ഫ്രഷ് മില്‍ക്ക് അടുത്താഴ്ച അമേരിക്കയില്‍ കിട്ടും

moonamvazhi
  • ഇന്ത്യയുടെ രുചി ‘ ആഗോളതലത്തിലേക്ക്
  • മിഷിഗണ്‍ പാലുല്‍പ്പാദക സഹകരണ
    സംഘവുമായി ചേര്‍ന്ന് വിപണനം
  • തൈരും ബട്ടര്‍മില്‍ക്കും പനീറും പിന്നാലെയെത്തും

അടുത്താഴ്ച മുതല്‍ അമുലിന്റെ ഫ്രഷ് മില്‍ക്ക് അമേരിക്കയിലും കിട്ടും.  അമുല്‍ ബ്രാന്റ് ഉല്‍പ്പന്നങ്ങളുടെ ഉടമസ്ഥരായ ഗുജറാത്ത് സഹകരണ മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( ജി.സി.എം.എം.എഫ് ) മിഷിഗനിലെ പാലുല്‍പ്പാദക അസോസിയേഷനുമായി ( എം.എം.പി.എ ) സഹകരിച്ചാണു അമുല്‍ പാല്‍ അമേരിക്കയില്‍ വില്‍ക്കുന്നത്. അമേരിക്കയിലെ പ്രമുഖ ക്ഷീരോല്‍പ്പാദക സഹകരണസംഘങ്ങളില്‍ പത്താംസ്ഥാനത്തു നില്‍ക്കുന്ന സംഘമാണ് എം.എം.പി.എ. കഴിഞ്ഞ വ്യാഴാഴ്ച മിഷിഗനിലെ നോവിയില്‍ ചേര്‍ന്ന എം.എം.പി.എ.യുടെ 108-ാം വാര്‍ഷിക പൊതുയോഗത്തിലാണ് അമുലുമായുള്ള പങ്കാളിത്തത്തെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്.

ഇന്ത്യയുടെ രുചിയെ ആഗോളതലത്തില്‍ എത്തിക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നു ജി.സി.എം.എം.എഫ്. മാനേജിങ് ഡയറക്ടര്‍ ജയന്‍ മേത്ത പറഞ്ഞു. അമുല്‍ ഗോള്‍ഡ്, അമുല്‍ ശക്തി, അമുല്‍ താസ, അമുല്‍ സ്ലിം ആന്റ് ട്രിം എന്നീ ബ്രാന്റുകളില്‍ ഫ്രഷ് മില്‍ക്ക് ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇവ ഇനി അമേരിക്കയിലെ ഇന്ത്യന്‍ സ്റ്റോറുകളിലും കിട്ടും. പാലിനു പിന്നാലെ തൈര്, ബട്ടര്‍മില്‍ക്ക്, പനീര്‍ തുടങ്ങിയ പാലുല്‍പ്പന്നങ്ങളും അമുല്‍ അമേരിക്കന്‍ വിപണിയിലിറക്കും.

ഉയര്‍ന്ന ഗുണമുള്ള പാലുല്‍പ്പന്നങ്ങളിലൂടെ പ്രശസ്തമായ മിഷിഗന്‍ പാലുല്‍പ്പാദക സഹകരണസ്ഥാപനം 1916 ലാണു സ്ഥാപിതമായത്. മിഷിഗന്‍, ഇന്ത്യാന, ഒഹിയോ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളിലെ ക്ഷീരകര്‍ഷകരാണു സംഘാംഗങ്ങള്‍. ഇന്ത്യാനയിലെ ചീസ് പ്ലാന്റ്, ഒഹിയോവിലെയും മിഷിഗനിലെയും ക്ഷീരോല്‍പ്പന്നശാലകള്‍ എന്നിവയുള്‍പ്പെടെ നാലു പാല്‍ സംസ്‌കരണശാലകള്‍ ഈ സംഘത്തിനുണ്ട്. ജി.സി.എം.എം.എഫിന്റെ സ്ഥാപക ചെയര്‍മാനും ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവുമായ ഡോ. വര്‍ഗീസ് കുര്യന്‍ മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പൂര്‍വവിദ്യാര്‍ഥിയാണ്. ഗുജറാത്തിലെ 18 ക്ഷീരോല്‍പ്പാദക സഹകരണ യൂണിയനുകളിലെ 36 ലക്ഷം ക്ഷീരകര്‍ഷകരാണു ജി.സി.എം.എം.എഫിലുള്ളത്. ഇവരെല്ലാം ചേര്‍ന്നു പ്രതിദിനം 30 ദശലക്ഷം ലിറ്റര്‍ പാലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. രാജ്യത്തെ 100 ശാലകളിലായി ഈ പാല്‍ സംസ്‌കരിക്കുന്ന അമുല്‍ അമ്പതിലധികം ക്ഷീരോല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്.