അഞ്ചു ലക്ഷം ക്ഷീരകര്‍ഷകര്‍ നിര്‍മിച്ച സിനിമ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നു

Moonamvazhi
  • സിനിമയ്ക്ക് പ്രചോദനം ഡോ. വര്‍ഗീസ് കുര്യന്റെ ജീവിതം
  • ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ സിനിമയാണ് ‘മന്ഥന്‍

ഫ്രാന്‍സിലെ കാനില്‍ നടക്കുന്ന എഴുപത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘ മന്ഥന്‍ ‘ എന്ന ഹിന്ദി സിനിമ പ്രദര്‍ശിപ്പിക്കും. ഗുജറാത്തിലെ അഞ്ചു ലക്ഷം ക്ഷീരോല്‍പ്പാദക സഹകരണസംഘം കര്‍ഷകര്‍ ചേര്‍ന്നു നിര്‍മിച്ച ഈ പ്രശസ്തസിനിമ സംവിധാനം ചെയ്തതു ശ്യാം ബനഗലാണ്. ആള്‍ക്കൂട്ടപ്പിരിവിലൂടെ ( ക്രൗഡ് ഫണ്ടിങ് ) ഇന്ത്യയില്‍ നിര്‍മിച്ച ആദ്യസിനിമയാണിത്. ഇക്കൊല്ലം മെയ് 14 മുതല്‍ 25 വരെ നടക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ക്ലാസിക് വിഭാഗത്തിലാണു മന്ഥന്‍ പ്രദര്‍ശിപ്പിക്കുക. കാനില്‍ സിനിമ പ്രദര്‍ശിപ്പിക്കുക എന്നതു വലിയൊരു അംഗീകാരമായാണു ലോകത്തെ ചലച്ചിത്രപ്രവര്‍ത്തകര്‍ കാണുന്നത്.

ഇന്ത്യയിലെ ക്ഷീരവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന കോഴിക്കോട്ടുകാരന്‍ ഡോ. വര്‍ഗീസ് കുര്യന്റെ ജീവിതത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണു 1976 ല്‍ മന്ഥന്‍ ( കടയുക ) രൂപം കൊണ്ടത്. പത്തു ലക്ഷം രൂപയായിരുന്നു നിര്‍മാണച്ചെലവ്. അമുല്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ഉടമസ്ഥരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ( ജി.സി.എം.എം.എഫ് ) അംഗങ്ങളായ അഞ്ചു ലക്ഷം കര്‍ഷകര്‍ രണ്ടു രൂപ വീതമെടുത്താണു സിനിമ നിര്‍മിച്ചത്. സിനിമയുടെ തുടക്കത്തില്‍ത്തന്നെ ‘ ഗുജറാത്തിലെ അഞ്ചു ലക്ഷം കര്‍ഷകര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്നു ‘ എന്ന് എഴുതിക്കാട്ടുന്നുണ്ട്. 1977 ല്‍ മന്ഥനു രണ്ടു ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച ഹിന്ദി സിനിമയ്ക്കും മികച്ച തിരക്കഥയ്ക്കുമുള്ള അവാര്‍ഡുകള്‍. 1976 ല്‍ മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു മന്ഥന്‍. ഗിരീഷ് കര്‍ണാട്, നസിറുദ്ദീന്‍ ഷാ, സ്മിതാ പാട്ടീല്‍, അമരീഷ് പുരി, അനന്ത നാഗ് തുടങ്ങിയ പ്രശസ്തരാണു ഇതിലെ അഭിനേതാക്കള്‍. ഡോ. വര്‍ഗീസ് കുര്യനും ശ്യാം ബനഗലും ചേര്‍ന്നാണു കഥ തയാറാക്കിയത്. വിജയ് ടെണ്ഡുല്‍ക്കര്‍ തിരക്കഥയൊരുക്കി. കൈഫ് ആസ്മി സംഭാഷണമെഴുതി.

രാജ്യത്തെ ക്ഷീരോല്‍പ്പാദന സഹകരണമേഖലയില്‍ വലിയ ചലനം സൃഷ്ടിച്ച സിനിമയാണു മന്ഥനെന്നു ജി.സി.എം.എം.എഫ്. മാനേജിങ് ഡയറക്ടര്‍ ജയേന്‍ മേത്ത അഭിപ്രായപ്പെട്ടു. സിനിമ കണ്ട് പ്രചോദിതരായ ലക്ഷക്കണക്കിനു ക്ഷീര കര്‍ഷകരാണു ഗ്രാമതലങ്ങളില്‍ ക്ഷീര സഹകരണസംഘങ്ങള്‍ രൂപവത്കരിക്കാന്‍ മുന്നോട്ടു വന്നത്. കാലിവളര്‍ത്തലും ക്ഷീരോല്‍പ്പാദനവുംകൊണ്ട് സുസ്ഥിരമായ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നു അവര്‍ക്കു ബോധ്യപ്പെടുത്തിക്കൊടുത്തത് ഈ സിനിമയാണ് – അദ്ദേഹം പറഞ്ഞു.

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.